കുട്ടിമാമാ ഞാന്‍ പെട്ടു മാമാ!; ന്യൂകാസിലിന്റെ 'കുട്ടി ഫാന്‍' ലൈവില്‍, പിന്നാലെ സ്‌കൂളില്‍ നിന്ന് നോട്ടീസ്

'ഒരു ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മ്മ. എല്ലാവരും സാമ്മിയെ കണ്ടുപഠിക്കൂ', എന്ന ക്യാപ്ഷനോടെയാണ് 'ന്യൂകാസില്‍ യുണൈറ്റഡ് സപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ്' ചിത്രം പോസ്റ്റുചെയ്തത്

dot image

കരബാവോ കപ്പ് സെമി ഫൈനലില്‍ ആഴ്സണലിനെ തോല്‍പ്പിച്ച് ന്യൂകാസില്‍ ആദ്യ പാദത്തില്‍ മുന്നേറിയെങ്കിലും പണി കിട്ടിയത് ന്യൂകാസിലിന്റെ ഒരു 'കുഞ്ഞ് ആരാധകനാ'ണ്. ന്യൂകാസിലിന്റെ വിജയം ആഘോഷിക്കുന്നതിനിടെ 'സാമ്മി' എന്ന് വിളിപ്പേരുള്ള ഒരു കുട്ടി ടെലിവിഷന്‍ ലൈവില്‍ കാണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സാമ്മിയ്ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു.

ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ 2-0ത്തിന് ന്യൂകാസില്‍ മുന്നിലെത്തിയിരുന്നു. മത്സരം നേരിട്ട് കാണുന്നതിന് വേണ്ടി സ്‌കൂള്‍ മുടക്കി നോര്‍ത്ത് ലണ്ടനിലേയ്ക്ക് എത്തിയതാണ് സാമ്മി. തന്റെ ടീമിന്റെ വിജയം കാണികള്‍ക്കൊപ്പം ആഘോഷിക്കുന്ന കുട്ടി സാമ്മിയെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. മീഡിയ ഫൂട്ടേജ് കണ്ടതോടെ അനുമതിയില്ലാതെ ലീവ് എടുത്തതിന് സ്‌കൂള്‍ അധികൃതര്‍ സാമ്മിക്കെതിരെ നോട്ടീസ് അയക്കുകയും ചെയ്തു.

ടിവിയില്‍ പതിഞ്ഞ സാമ്മിയുടെ ചിത്രവും സ്‌കൂളിന്റെ ഇമെയിലും 'എവേ ഡെ ടൂര്‍സ്' ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കപ്പെട്ടതോടെയാണ് സംഭവം വൈറലായത്. 'ഈ ചെറിയ പയ്യന്‍ ന്യൂകാസിലിന്റെ വിജയം ആഘോഷിക്കുന്നത് എല്ലാവരും തത്സമയം ടിവിയില്‍ കണ്ടിരുന്നു. അന്ന് സ്‌കൂള്‍ മുടക്കി മത്സരം കാണാന്‍ പോയതിനാല്‍ കുട്ടിയുടെ കുടുംബത്തിന് സ്‌കൂളിന്റെ ഇമെയില്‍ ലഭിച്ചു. കഴിഞ്ഞ രാത്രിയിലെ

മാച്ച് അനുഭവം അവന്‍ ജീവിതത്തില്‍ മറക്കാനിടയില്ല. അതുകൊണ്ട് സ്കൂളിന്‍റെ നോട്ടീസില്‍ അവന് ഒരുപാട് വിഷമമുണ്ടാകുമെന്ന് കരുതുന്നില്ല!', എന്നായിരുന്നു ക്യാപ്ഷന്‍.

സ്‌കൂളില്‍ നിന്നുള്ള മെയിലിന്റെ സ്‌ക്രീന്‍ഷോട്ടും പോസ്റ്റിന്റെ കൂടെ കൂട്ടിച്ചേര്‍ത്തു. 'പ്രിയപ്പെട്ട മാതാപിതാക്കളേ, 2025 ജനുവരി ഏഴ് ചൊവ്വാഴ്ച സാമ്മി സ്‌കൂളില്‍ നിന്ന് ലീവെടുത്തത് അനുമതിയില്ലാതെയാണെന്ന് നിങ്ങളെ അറിയിക്കുകയാണ്. അവന്‍ ഫുട്‌ബോള്‍ കാണാനായി ലണ്ടനിലേയ്ക്ക് പോയെന്ന് തെളിയിക്കുന്ന മീഡിയ ദൃശ്യങ്ങള്‍ ഉണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദയവായി സ്‌കൂളുമായി ബന്ധപ്പെടുക', സ്‌കൂള്‍ അധികൃതര്‍ മെയിലില്‍ ഇങ്ങനെ കുറിച്ചു.

ന്യൂകാസില്‍ യുണൈറ്റഡിന്റെ ഫാന്‍ പേജും ചിത്രം പങ്കുവെച്ചു. 'ഒരു ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മ്മ. എല്ലാവരും സാമ്മിയെ കണ്ടുപഠിക്കൂ', എന്ന ക്യാപ്ഷനോടെയാണ് ന്യൂകാസില്‍ യുണൈറ്റഡ് സപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് ചിത്രം പോസ്റ്റുചെയ്തത്.

Content Highlights: Young Newcastle fan spotted on TV, school sends notice for 'unauthorised absence'

dot image
To advertise here,contact us
dot image