ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ആഘോഷം വേണ്ടെന്നുവെച്ച് കേരള ബ്ലാസ്റ്റേഴ്സ്. ക്ലബ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് വിജയാഘോഷത്തിനായി തയ്യാറെടുത്ത സഹതാരങ്ങളെ തിരിച്ചുവിളിച്ചത്. എല്ലാ മത്സരത്തിന് ശേഷവും ആരാധക സംഘത്തെ അഭിവാദ്യം ചെയ്ത് ബ്ലാസ്റ്റേഴ്സ് താരങ്ങൾ സ്റ്റേഡിയം വലംവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ആരാധകർക്ക് അടുത്തേയ്ക്ക് നടക്കവേ, 'ഔട്ട്, ഔട്ട്, ഔട്ട്, മാനേജ്മെന്റ് ഔട്ട്' എന്ന ആരവമായിരുന്നു ഉയർന്നത്. ഇതോടെയാണ് സഹതാരങ്ങളെ തിരിച്ചുവിളിച്ച് ലൂണ വിജയാഘോഷം വേണ്ടെന്നുവെച്ചത്.
ഒഡീഷ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. കൊമ്പന്മാർക്കായി ക്വാമെ പെപ്രാ, ജെസൂസ് ഹിമെനെസ്, നോഹ സദൂയി എന്നിവർ ഗോളുകൾ നേടി. ജെറി മാവിഹ്മിംഗ്താംഗ, ഡോറി എന്നിവരാണ് ഒഡീഷയ്ക്കായി വലചലിപ്പിച്ചത്. മത്സരം ഉണർന്നതും ഒഡീഷ ആദ്യ ഗോൾ വലയിലെത്തിച്ചു. ജെറി മാവിഹ്മിംഗ്താംഗയാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് നിലനിർത്താൻ ഒഡീഷയ്ക്ക് സാധിച്ചു.
രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 60-ാം മിനിറ്റി ക്വാമെ പെപ്രാ വലചലിപ്പിച്ചു. പിന്നാലെ 73-ാം മിനിറ്റിൽ ജെസൂസ് ഹിമെനെസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലെത്തി.
80-ാം മിനിറ്റിൽ ഡോറിയുടെ ഗോളിൽ ഒഡീഷ വീണ്ടും സമനില പിടിച്ചു. എന്നാൽ 83-ാം മിനിറ്റിൽ കാർലോസ് ഡെൽഗാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഒഡീഷയ്ക്ക് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ഒഡീഷൻ പ്രതിരോധം തകർത്ത് ഇഞ്ചുറി ടൈമിൽ 95-ാം മിനിറ്റിൽ നോഹ സദുയിയുടെ ഗോൾ പിറന്നു. ഇതോടെ 3-2ന് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.
Content Highlights: Adrian Luna calls off the post-match celebrations as he was not happy with the chants by the fans