2025 സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യന്മാര്‍. എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തിയാണ് ബാഴ്‌സ കിരീടം ചൂടിയത്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്. ബാഴ്സലോണയ്ക്ക് വേണ്ടി രണ്ട് ഗോളുകളും അസിസ്റ്റുകളും നേടി തിളങ്ങിയ സൂപ്പർ താരം റാഫീഞ്ഞ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
🔥 FULL TIME!!!!! 🔥
— FC Barcelona (@FCBarcelona) January 12, 2025
BARÇA, SPANISH SUPER CUP CHAMPIONS!#ELCLÁSICO pic.twitter.com/UfbGPOHBk7
എല്‍ ക്ലാസിക്കോ മത്സരത്തിന്റെ എല്ലാ ആവേശവും നിറച്ചായിരുന്നു ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ പന്തുരുണ്ടത്. ആവേശപ്പോരാട്ടത്തിന്റെ തുടക്കം തന്നെ ലീഡെടുത്തത് റയലായിരുന്നു. അഞ്ചാം മിനിറ്റില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു എംബാപ്പെ ബാഴ്‌സയുടെ വല കുലുക്കിയത്.
എന്നാല്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് റയലിന് ലീഡ് കാത്തുസൂക്ഷിക്കാൻ സാധിച്ചത്. 22-ാം മിനിറ്റില്‍ ലാമിന്‍ യമാലിലൂടെ ബാഴ്സയുടെ മറുപടിയെത്തി. മികച്ച ക്ലിനിക്കല്‍ ഫിനിഷിലൂടെ താരം വലകുലുക്കി. പിന്നാലെ ബാഴ്സ 36-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ പെനാല്‍റ്റിയിലൂടെ ലീഡെടുത്തു. ലീഡ് വഴങ്ങിയതിന്റെ ആഘാതം മാറും മുമ്പ് റയലിന്റെ വല വീണ്ടും കുലുങ്ങി. 39-ാം മിനിറ്റില്‍ റാഫീഞ്ഞ ബാഴ്സയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അലെജാന്‍ഡ്രോ ബാല്‍ഡേയുടെ ഗോളിലൂടെ ബാഴ്സ 1-4ന് മുന്നിലെത്തി.
The first half, in one image. #ElClásico pic.twitter.com/DVH74c22CX
— FC Barcelona (@FCBarcelona) January 12, 2025
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്‌സയുടെ അഞ്ചാം ഗോളും പിറന്നു. 48-ാം മിനിറ്റില്‍ റാഫീഞ്ഞ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. നാല് ഗോളുകൾക്ക് പിറകിലെന്ന വലിയ നാണക്കേട് മാറ്റാൻ റയൽ കിണഞ്ഞു പരിശ്രമിക്കാൻ തുടങ്ങി. ഇതിനിടെ ബോക്സിലേക്ക് പന്തുമായെത്തിയ എംബാപ്പെയെ വീഴ്ത്തിയതിന് 56-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍കീപ്പര്‍ വോയ്സെച് ഷെസ്നി റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി.
ഇതോടെ ബാഴ്‌സ പത്തു പേരായി ചുരുങ്ങിയത് റയലിന് ആശ്വാസം നൽകി. 60-ാം മിനിറ്റിൽ തന്നെ റോഡ്രിഗോയിലൂടെ റയൽ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാല്‍ ഇതിന് ശേഷം കൂടുതല്‍ കരുതലോടെ കളിച്ച ബാഴ്‌സലോണ റയലിന് തിരിച്ചുവരാന്‍ ഒരവസരവും നല്‍കാതെ പിടിച്ചുനിന്നു. ഇതോടെ ബാഴ്‌സ വിജയവും കിരീടവും ഉറപ്പിച്ചു.
BAAAAAAAAAAAAAAAAAARÇA 💙❤️ pic.twitter.com/SaCh5VoHLM
— FC Barcelona (@FCBarcelona) January 12, 2025
ബാഴ്‌സലോണയുടെ ഈ വര്‍ഷത്തെ ആദ്യ കിരീട കിരീടനേട്ടമാണിത്. 15-ാം തവണയാണ് ബാഴ്സ സൂപ്പര്‍ കപ്പിൽ മുത്തമിടുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കിയെന്ന നേട്ടവും ബാഴ്സ നിലനിര്‍ത്തി. ഹാന്‍സി ഫ്ളിക്ക് പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ കിരീടം എന്ന പ്രത്യേകതയും ഈ കപ്പിനുണ്ട്.
Content Highlights: FC Barcelona Smash Real Madrid To Clinch Spanish Super Cup Title