2025ല്‍ സ്വന്തം തട്ടകത്തിലെ ആദ്യവിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കിക്കോഫ്.
മലയാളി താരം കെ പി രാഹുല്‍ ഒഡീഷ എഫ്‌സിയിലേയ്ക്ക് കൂടുമാറിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരമാണിത്. അതേസമയം കരാര്‍ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ കെ പി രാഹുല്‍ കൊച്ചിയില്‍ ഇന്ന് ഒഡീഷയ്ക്ക് വേണ്ടി ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഡീഷയ്‌ക്കെതിരെ ഹോം ഗ്രൗണ്ടില്‍ പരാജയമറിഞ്ഞിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുക. വലിയ പതര്‍ച്ചയ്ക്ക് ശേഷം സീസണില്‍ താളം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. അവസാന മത്സരത്തില്‍ ഒമ്പതുപേരായി ചുരുങ്ങിയിട്ടും പഞ്ചാബ് എഫ്സിയെ ഒറ്റഗോളിന് മറികടന്ന വലിയ ആത്മവിശ്വാസത്തിലാണ് ടീമും ആരാധകരും. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും വിജയിക്കാനായതും നേട്ടമാണ്. നാല് ഗോളടിച്ചപ്പോള്‍ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
മുഖ്യപരിശീലകന്‍ മൈക്കേല്‍ സ്റ്റാറേയെ പുറത്താക്കിയശേഷം ഭേദപ്പെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നത്. ഇടക്കാല പരിശീലകരായ ടി ജി പുരുഷോത്തമന്റെയും തോമസ് കോര്‍സിന്റെയും കീഴില്‍ അച്ചടക്കമുള്ള കളിയാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. 15 കളിയില്‍ 17 പോയിന്റുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഒഡീഷയ്‌ക്കെതിരെ ഇന്ന് വിജയിച്ചാല്‍ ഒരു സ്ഥാനം കൂടി ഉയരാനും പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിക്കും.
Content Highlights: Indian Super League 2024-25: Kerala Blasters FC will play Odisha FC at Kochi