എഫ് എ കപ്പിലെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ആഴ്‌സണലിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. 61-ാം മിനിറ്റുമുതല്‍ പത്തുപേരായി ചുരുങ്ങിയിട്ടാണ് ആഴ്‌സണല്‍ മത്സരം അധികസമയത്തേക്ക് എത്തിച്ചതും ഷൂട്ടൗട്ടില്‍ വിജയം സ്വന്തമാക്കിയതും. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ ആല്‍തയ് ബയിന്ദറാണ് യുണൈറ്റഡിന്റെ രക്ഷകനായത്.
What a performance from this man.#MUFC || #FACup pic.twitter.com/a7v4c8ItKI
— Manchester United (@ManUtd) January 12, 2025
ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1 എന്ന സ്‌കോറില്‍ അവസാനിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. 52-ാം മിനിറ്റില്‍ ബ്രൂണോ ഫര്‍ണാണ്ടസിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. അലക്‌സാണ്ട്രോ ഗര്‍ണാചോയുടെ പാസ് കിടിലന്‍ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ യുണൈറ്റഡ് ക്യാപ്റ്റന്‍ വലയിലെത്തിക്കുകയായിരുന്നു.
ലീഡെടുത്തതിന് പിന്നാലെ തന്നെ യുണൈറ്റഡിന് തിരിച്ചടിയും ലഭിച്ചു. 61-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ ഫുള്‍ബാക്ക് ഡിയോഗോ ഡാലോട്ടിന് രണ്ടാമതും യെല്ലോ കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. ഇതോടെ യുണൈറ്റഡ് പത്തുപേരായി ചുരുങ്ങിയത് മത്സരത്തിന്റെ ഗതി മാറ്റി. മുന്‍തൂക്കം മുതലെടുത്ത ആഴ്‌സണല്‍ 63-ാം മിനിറ്റില്‍ തന്നെ സമനില കണ്ടെത്തി. ഡിഫന്‍ഡര്‍ ഗബ്രിയേല്‍ മഗല്‍ഹെസാണ് ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചത്.
68-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ റഫറി പെനാല്‍റ്റി വിധിച്ചു. ഒഡെഗാര്‍ഡ് എടുത്ത പെനാല്‍റ്റി തടുത്ത് കീപ്പര്‍ ബയിന്ദര്‍ യുണൈറ്റഡിനെ രക്ഷിച്ചു. 75-ാം മിനിറ്റില്‍ ഡക്ലാന്‍ റൈസിന്റെ ഹെഡറും തടുത്തിട്ട് ബയിന്ദര്‍ വീണ്ടും രക്ഷകനായി.
എക്‌സ്ട്രാ ടൈമിലും വിജയഗോള്‍ കണ്ടെത്താന്‍ ഇരുടീമുകള്‍ക്കും കഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ 3-5 എന്ന സ്‌കോറിന് യുണൈറ്റഡ് വിജയം കണ്ടെത്തി. ഷൂട്ടൗട്ടില്‍ യുണൈറ്റഡിന് വേണ്ടി കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. ബ്രൂണോ ഫര്‍ണാണ്ടസ്, അമദ് ദിയാലോ, ലെനി യോറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ജോഷ്വ സിര്‍ക്‌സി എന്നിവര്‍ യുണൈറ്റഡിനായി കിക്കെടുത്തു. ആഴ്‌സണലിനായി മാര്‍ട്ടിന്‍ ഒഡഗാര്‍ഡ്, ഡെക്ലാന്‍ റൈസ്, തോമസ് പാര്‍ട്ടി എന്നിവര്‍ പന്ത് വലയിലെത്തിച്ചപ്പോള്‍ കായ് ഹാവെര്‍ട്‌സിന്റെ ഷോട്ട് യുണൈറ്റഡ് കീപ്പര്‍ ബയിന്ദര്‍ തടുത്തിട്ടു.
Content Highlights: Ten-man Manchester United stun Arsenal on penalties in FA Cup