ഇന്ത്യൻ സൂപ്പർ ലീഗിൽ വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച നേട്ടങ്ങൾ സ്വന്തമാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടി ജി പുരുഷോത്തമൻ. ക്ലബിലെ എല്ലാ താരങ്ങൾക്കും അവർക്ക് ചെയ്യാൻ കഴിയുന്ന ഒരു റോളുണ്ട്. ഒരു ടീമായി ഓരോ താരങ്ങളും അവരുടെ റോളുകൾ കൃത്യമായി നിർവ്വഹിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സ് എല്ലാ നേട്ടങ്ങളും സ്വന്തമാക്കുമെന്നും ടി ജി പുരുഷോത്തമൻ പറഞ്ഞു.
ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് താരങ്ങളുടെ കൃത്യമായ പദ്ധതികളായായിരുന്നുവെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ടീം പദ്ധതികൾ താരങ്ങൾ കൃത്യമായി പിന്തുടർന്നു. 60, 70 മിനിറ്റുകൾ കഴിഞ്ഞപ്പോൾ മത്സരം വിജയിക്കാൻ കഴിയുമെന്ന് ബ്ലാസ്റ്റേഴ്സിന് മനസിലായെന്നും ടി ജി പുരുഷോത്തമൻ വ്യക്തമാക്കി.
ഒഡീഷ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. കൊമ്പന്മാർക്കായി ക്വാമെ പെപ്രാ, ജെസൂസ് ഹിമെനെസ്, നോഹ സദൂയി എന്നിവർ ഗോളുകൾ നേടി. ജെറി മാവിഹ്മിംഗ്താംഗ, ഡോറി എന്നിവരാണ് ഒഡീഷയ്ക്കായി വലചലിപ്പിച്ചത്. മത്സരം ഉണർന്നതും ഒഡീഷ ആദ്യ ഗോൾ വലയിലെത്തിച്ചു. ജെറി മാവിഹ്മിംഗ്താംഗയാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് നിലനിർത്താൻ ഒഡീഷയ്ക്ക് സാധിച്ചു.
രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 60-ാം മിനിറ്റി ക്വാമെ പെപ്രാ വലചലിപ്പിച്ചു. പിന്നാലെ 73-ാം മിനിറ്റിൽ ജെസൂസ് ഹിമെനെസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലെത്തി.
80-ാം മിനിറ്റിൽ ഡോറിയുടെ ഗോളിൽ ഒഡീഷ വീണ്ടും സമനില പിടിച്ചു. എന്നാൽ 83-ാം മിനിറ്റിൽ കാർലോസ് ഡെൽഗാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഒഡീഷയ്ക്ക് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ഒഡീഷൻ പ്രതിരോധം തകർത്ത് ഇഞ്ചുറി ടൈമിൽ 95-ാം മിനിറ്റിൽ നോഹ സദുയിയുടെ ഗോൾ പിറന്നു. ഇതോടെ 3-2ന് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.
Content Highlights: Kerala Blasters interim coach T.G. Purushothaman elated after dramatic victory over Odisha FC