ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനോട് സമനില പിടിച്ച് ചെല്‍സി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. ഇഞ്ചുറി ടൈമില്‍ റീസ് ജെയിംസിന്റെ ഫ്രീകിക്ക് ഗോളാണ് ചെല്‍സിയെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്.
It ends all square at the Bridge.#CFC | #CHEBOU pic.twitter.com/5hZULVXJtF
— Chelsea FC (@ChelseaFC) January 14, 2025
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡെടുക്കാന്‍ ചെല്‍സിക്ക് സാധിച്ചു. 13-ാം മിനിറ്റില്‍ കോള്‍ പാമറാണ് നീലപ്പടയെ മുന്നിലെത്തിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ബോണ്‍മൗത്തിന്റെ തിരിച്ചുവരവാണ് കാണാന്‍ സാധിച്ചത്.
50-ാം മിനിറ്റില്‍ ബോണ്‍മൗത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് ലക്ഷ്യത്തിലെത്തിച്ച ജസ്റ്റിന്‍ ക്ലൂവര്‍ട്ട് ബോണ്‍മൗത്തിനെ ഒപ്പമെത്തിക്കുകയും ചെയ്തു. ലീഡ് കൈവിട്ടതിന്റെ ആഘാതം മാറുന്നതിന് മുന്‍പുതന്നെ വീണ്ടും ചെല്‍സിയുടെ വല കുലുങ്ങി. 68-ാം മിനിറ്റില്‍ അന്റോയിന്‍ സെമെനിയോ ബോണ്‍മൗത്തിന്റെ രണ്ടാം ഗോള്‍ നേടി.
പരാജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ റീസ് ജെയിംസ് ചെല്‍സിയുടെ രക്ഷയ്‌ക്കെത്തി. 95-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റിയാണ് ജെയിംസ് നീലപ്പടയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. നിലവില്‍ 21 മത്സരങ്ങളില്‍ നിന്ന് പത്ത് വിജയവും 37 പോയിന്റുമായി നാലാമതാണ് ചെല്‍സി. 34 പോയിന്റുമായി ബോണ്‍മൗത് ഏഴാം സ്ഥാനത്താണ്.
Content Highlights: James rescues a point for Chelsea in 2-2 draw with Bournemouth