കോപ്പ ഡെല്‍ റേയില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ബാഴ്‌സലോണ. റയല്‍ ബെറ്റിസിനെതിരെ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വമ്പന്‍ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സയുടെ യുവതാരം ലാമിന്‍ യമാല്‍ ഒരു ഗോളും ഒരു അസിസ്റ്റും നേടി തിളങ്ങി.
🔥 FULL TIME! 🔥#BarçaBetis pic.twitter.com/XHpKt4aSKx
— FC Barcelona (@FCBarcelona) January 15, 2025
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ ബാഴ്‌സ ഗോള്‍വേട്ട ആരംഭിച്ചു. മൂന്നാം മിനിറ്റില്‍ യുവതാരം ഗാവിയാണ് സ്‌കോറിങ് തുറന്നത്. 27-ാം മിനിറ്റില്‍ ഡിഫെന്‍ഡര്‍ ജുല്‍സ് കുന്‍ഡെ ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. ലാമിന്‍ യമാലാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
രണ്ടാം പകുതിയില്‍ ബാഴ്‌സ ആക്രമണം തുടര്‍ന്നു. 58-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ ബാഴ്‌സ മൂന്നാം ഗോളും കണ്ടെത്തി. തൊട്ടുപിന്നാലെ 67-ാം മിനിറ്റില്‍ ഫെറാന്‍ ടോറസും 75-ാം മിനിറ്റില്‍ ലാമിന്‍ യമാലും ഗോള്‍ നേടിയതോടെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സ മുന്നിലെത്തി. 84-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിറ്റര്‍ റോക്ക് റയല്‍ ബെറ്റിസിന് വേണ്ടി തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി.
Content Highlights: Copa del Rey: Yamal stars as Barcelona hammers five past Real Betis to sail into quarterfinals