നോർത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ടോട്ടനത്തെ വീഴ്ത്തി; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ രണ്ടാമത്

നോട്ടിങ്ഹാം ഫോറസ്റ്റിനെ മറികടന്ന് ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി

dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സണല്‍. ആവേശകരമായ ലണ്ടന്‍ ഡെര്‍ബിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ഗണ്ണേഴ്‌സ് സ്വന്തമാക്കിയത്. ഇതോടെ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറികടന്ന് ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

സ്വന്തം തട്ടകത്തില്‍ മികച്ച തുടക്കമാണ് ആഴ്‌സണലിന് ലഭിച്ചതെങ്കിലും 25-ാം മിനിറ്റില്‍ ടോട്ടനം മുന്നിലെത്തി. കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം മുതലെടുത്ത് സണ്‍ ഹ്യുങ്- മിന്‍ ആണ് ടോട്ടനത്തിന് ലീഡ് നല്‍കിയത്. അപ്രതീക്ഷിതമായി ലീഡ് വഴങ്ങിയതിനെ തുടര്‍ന്ന് ഗണ്ണേഴ്‌സ് ഉണര്‍ന്നുകളിക്കാന്‍ തുടങ്ങി.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ മത്സരത്തിന്റെ ഗതി മാറി. കോര്‍ണറിനൊടുവില്‍ ഗബ്രിയേലിന്റെ ഹെഡര്‍ സോളാങ്കെയുടെ ദേഹത്ത് തട്ടി ടോട്ടനത്തിന്റെ വലയില്‍ ചെന്ന് പതിച്ചതോടെ ആഴ്‌സണല്‍ സമനില പിടിച്ചു. നാല് മിനിറ്റുകള്‍ക്ക് ശേഷം ആഴ്‌സണല്‍ നിര്‍ണായക ലീഡുമെടുത്തു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഒഡഗാര്‍ഡിന്റെ പാസില്‍ നിന്ന് ലിയാന്‍ഡ്രോ ട്രൊസാര്‍ഡാണ് ടോട്ടനത്തിന്റെ വല കുലുക്കിയത്.

രണ്ടാം പകുതിയില്‍ ഇരുഭാഗത്തുനിന്നും ഗോളുകള്‍ പിറക്കാതിരുന്നതോടെ ആഴ്‌സണല്‍ വിജയം സ്വന്തമാക്കി. 21 മത്സരങ്ങളില്‍ നിന്ന് 12 വിജയവും 43 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത് മുന്നേറിയിരിക്കുകയാണ് ആഴ്‌സണല്‍. 24 പോയിന്റുകളുള്ള ടോട്ടനം പട്ടികയില്‍ 13-ാം സ്ഥാനത്താണ്.

Content Highlights: Premier League 2024/25: Arsenal win North London Derby

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us