സ്റ്റേഡിയത്തിന് പുറത്ത് നടക്കേണ്ടിയിരുന്ന ആരാധക പ്രതിഷേധങ്ങളെ തടയാന്‍ പൊലീസ് ഇടപെടലുണ്ടായതില്‍ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ആരാധക പ്രതിഷേധങ്ങളെ തടയാന്‍ പൊലീസിനെ ഇടപെടുത്താന്‍ ക്ലബ്ബ് നിര്‍ദേശം നല്‍കിയെന്ന ആരോപണങ്ങളെ നിഷേധിക്കുകയും ചെയ്തു. ക്രമസമാധാനപാലനത്തില്‍ ഇടപെടണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കാന്‍ ക്ലബ്ബിന് അധികാരമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.
സ്റ്റേഡിയത്തിന് പുറത്ത് നടന്ന ആരാധകരുടെ പ്രതിഷേധത്തെ പൊലീസ് തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആഗ്രഹിക്കുന്നു. പൊലീസ് ഇടപെടല്‍ ക്ലബ്ബിന്റെ നിര്‍ദേശപ്രകാരമല്ല, കാരണം ഞങ്ങള്‍ ക്രമസമാധാന സംവിധാനത്തിന്റെ ഭാഗമല്ല. ക്രമസമാധാനപാലനത്തിനായി സംസ്ഥാന പൊലീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ക്ലബിന് അധികാരമില്ലെന്ന വസ്തുത തുറന്നുപറയുകയാണ്. പൊതുപരിപാടികളില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പൊലീസും അധികൃതരും അവരുടെ ദൗത്യം നിര്‍വഹിക്കും.
അതേസമയം സമാധാനപരമായ രീതിയില്‍ ആരാധകര്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് ക്ലബും ഉറച്ചുവിശ്വസിക്കുന്നുണ്ട്. പൊതുസുരക്ഷയ്ക്ക് ലംഘനമാകാതെ സുരക്ഷിതമായ മേഖലകളില്‍ നടത്തുന്ന അത്തരം പ്രതിഷേധപ്രകടനങ്ങള്‍ ഒരിക്കലും അടിച്ചമര്‍ത്തപ്പെടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണമാണ് നടക്കുന്നത്.
ആരാധകര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത് ക്ലബിന്റെ നിര്‍ദേശപ്രകാരമാണെന്ന പ്രചാരണം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്. ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ തക്കതായ നടപടികള്‍ സ്വീകരിക്കുമെന്നും ക്ലബ്ബ് അറിയിച്ചു. 'എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം ക്ലബ്ബിനെ പിന്തുണക്കുന്നവരില്‍ നിന്ന് ഏതുതരത്തിലുള്ള അഭിപ്രായങ്ങളും സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്', ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Kerala Blasters FC issues statement following widespread fan protests against management