ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ഡ്രസിങ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പുതിയ ട്വിസ്റ്റ്. യുവതാരം സര്‍ഫറാസ് ഖാനാണ് ടീമിലെ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് ആരോപിച്ച് കോച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ഫറാസല്ല, മറിച്ച് ഗൗതം ഗംഭീറിന്റെ വിശ്വസ്തനും ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചുമാണ് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് ആരോപണം ഉയരുന്നത്.
ദൈനിക് ജാഗരനിലെ മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ത്രിപാഠിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഓസീസ് പര്യടനത്തിനിടെ ഇന്ത്യന്‍ ഡ്രെസിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചാണെന്നാണ് ത്രിപാഠി ആരോപിക്കുന്നത്. അസിസ്റ്റന്റ് കോച്ചിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അഭിഷേക് നായരോ റയാന്‍ ടെന്‍ ഡോസ്ചേറ്റോ ആകാനാണ് സാധ്യത.
Gautam Gambhir is blaming Sarfaraz Khan for all the leaks, but in reality, his own assistant coach is leaking the news pic.twitter.com/Pk5aXSvBVh
— Jenil Modi (@Jenil1903) January 15, 2025
ഗൗതം ഗംഭീറിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ അഭിഷേക് നായര്‍, റയാന്‍ ടെന്‍ ദോസ്ചാറ്റെ എന്നീ രണ്ട് അസിസ്റ്റന്റ് കോച്ചുമാരുണ്ട്. ടെന്‍ ഡോസ്ചാറ്റിന് ഇന്ത്യന്‍ മാധ്യമങ്ങളുമായി ആഴത്തിലുള്ള ബന്ധമില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ അറിയപ്പെടുന്ന പേരാണ് അഭിഷേക് നായര്‍. അതുകൊണ്ടുതന്നെ അഭിഷേക് നായരുടെ പേരാണ് വിവാദത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
കഴിഞ്ഞ ദിവസമാണ് യുവതാരം സര്‍ഫറാസ് ഖാനാണ് ടീമിലെ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന ആരോപണവുമായി കോച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ബിസിസിഐയുടെ അവലോകന യോഗത്തിലാണ് ഗംഭീര്‍ സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗംഭീറിന്റെ ഈ ആരോപണം ബിസിസിഐയുടെ റിവ്യൂ മീറ്റിങ്ങിലാണ് ഉണ്ടായത്.
ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു മത്സരത്തിലും സർഫറാസ് ഖാന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. കിവീസിനെതിരായ ടെസ്റ്റ് സീരീസിൽ സെഞ്ച്വറി നേടിയിരുന്നെങ്കിലും പിന്നീട് വലിയ സ്കോറുകൾ നേടാൻ കഴിയാതിരുന്നതോടെയാണ് സർഫറാസിനെ ഓസീസ് പര്യടനത്തിൽ പൂർണമായും അവഗണിച്ചത്. പകരം നിതീഷ് കുമാർ റെഡ്ഡിയെയായിരുന്നു പരിഗണിച്ചത്.
ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ആരംഭിക്കാനിരിക്കെ ആയിരുന്നു ഇന്ത്യൻ ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കിയ ഡ്രെസിങ് റൂം വിവാദമുണ്ടായത്. നാലാം ടെസ്റ്റ് തോറ്റതോടെ 2-1 ന് പരമ്പരയിൽ ഇന്ത്യ പിന്നിലായിരുന്നു. തുടർന്ന് ഡ്രെസിങ് റൂമിൽ ഗൗതം ഗംഭീർ നടത്തിയ വിമർശനങ്ങളാണ് വിവാദമായത്. സീനിയർ താരങ്ങളുടെ പ്രകടനത്തിൽ നിശിത വിമർശനമുന്നയിച്ച ഗംഭീർ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു .
Content Highlights: Not Sarfaraz Khan, Gautam Gambhir's right-hand man leaked dressing room talks says Abhishek Tripathi