ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വോൾവ്സിനെ വീഴ്ത്തി ചെൽസി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ടോസിൻ അഡറാബിയോ, മാർക് കുകുറെല്ല, നോനി മദുക്കെ എന്നിവരാണ് ചെൽസിക്കായി ഗോളുകൾ നേടിയത്. വോൾവ്സിനായി മാറ്റ് ഡോർട്ടി ആശ്വാസ ഗോൾ നേടി. വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ നാലിൽ തിരിച്ചെത്താനും ചെൽസിക്ക് കഴിഞ്ഞു.
മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ടോസിൻ അഡറാബിയോയുടെ ഗോളിൽ ചെൽസി മുന്നിലെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പായി വോൾവ്സ് തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ 50-ാം മിനിറ്റിലാണ് മാറ്റ് ഡോർട്ടി വലചലിപ്പിച്ചത്. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ മാർക് കുകുറെല്ലയും 65-ാം മിനിറ്റിൽ നോനി മദുക്കെയും വലചലിപ്പിച്ചതോടെ ചെൽസി വിജയം സ്വന്തമാക്കി.
അഞ്ച് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ചെൽസി വിജയത്തിലേക്കെത്തുന്നത്. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 22 മത്സരങ്ങളിൽ നിന്ന് 11 ജയം നേടിയ ചെൽസിക്ക് 40 പോയിന്റുണ്ട്. 21 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുള്ള ലിവർപൂളാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. ആഴ്സണൽ രണ്ടാം സ്ഥാനത്തും നോട്ടിങ്ഹാം ഫോറസ്റ്റ് മൂന്നാം സ്ഥാനത്തുമുണ്ട്.
Content Highlights: Chelsea beat Wolves to end five-match winless run