ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയോട് അന്നത്തെ സഹതാരമായ എംബാപ്പെയ്ക്ക് അസൂയയുണ്ടായിരുന്നെന്നാണ് നെയ്മര്‍ തുറന്നുപറഞ്ഞിരുന്നത്. മെസ്സി വന്നതിന് ശേഷം എംബാപ്പെയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നുവെന്നും താരത്തിന്റെ ഈഗോ ക്ലബ്ബിന്റെ മത്സരങ്ങളെയും പ്രകടനത്തെയും കാര്യമായി ബാധിച്ചിരുന്നെന്നും നെയ്മര്‍ തുറന്നുപറഞ്ഞിരുന്നു.
നെയ്മറുടെ വെളിപ്പെടുത്തലില്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ എംബാപ്പെ. 'ഇക്കാര്യത്തില്‍ എനിക്ക് ഒന്നും പറയാനില്ല എന്നതാണ് സത്യം. ഞാന്‍ ഇപ്പോള്‍ റയല്‍ മാഡ്രിഡില്‍ എനിക്ക് ചെയ്യാനുള്ള കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്', ടിഎന്‍ടി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ എംബാപ്പെ പറഞ്ഞു.
'എനിക്ക് നെയ്മറോട് ഒരുപാട് ബഹുമാനമുണ്ട്. നെയ്മറെ കുറിച്ച് എനിക്ക് പലതവണ സംസാരിക്കാമായിരുന്നു. പക്ഷേ നല്ല കാര്യങ്ങള്‍ മാത്രം ഓര്‍ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ അതുല്യനായ കളിക്കാരനാണ് നെയ്മര്‍. ഞങ്ങള്‍ പാരീസില്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ചെലവഴിച്ചു. ഞാന്‍ ഇപ്പോള്‍ മാഡ്രിഡിലാണ്. എനിക്ക് മാഡ്രിഡ് ആസ്വദിക്കണം. നെയ്മറിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആശംസകള്‍', എംബാപ്പെ കൂട്ടിച്ചേര്‍ത്തു.
മൊണോക്കോ ക്ലബ്ബില്‍ നിന്ന് 2017ലാണ് എംബാപ്പെ പിഎസ്ജിയിലെത്തുന്നത്. ഇതേ വര്‍ഷമാണ് നെയ്മറും ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറുകളില്‍ ഒന്നായിരുന്നു അത്. പിന്നാലെ 2021 ഓഗസ്റ്റില്‍ ബാഴ്സലോണ വിട്ട മെസ്സിയും പിഎസ്ജിയിലെത്തുകയായിരുന്നു.
Content Highlights: Kylian Mbappe responds to Neymar's claims he was 'jealous' of Lionel Messi at PSG