ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും ഒരു സമനിലയും നേടി തിരിച്ചവരവിന്റെ സൂചന നൽകിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും തോൽവി വഴങ്ങിയിരിക്കുന്നത്. ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. വിഷ്ണു പി വിയും ഹിജാസി മഹറും ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടി. ഡാനിഷ് ഫാറുഖാണ് ബ്ലാസ്റ്റേഴ്സിനായി വലചലിപ്പിച്ചത്.
മത്സരത്തിന്റെ 20-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. വിഷ്ണു പി വിയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടന്ന് വലയിലെത്തി. ബ്ലാസ്റ്റേഴ്സ് താരം കോറൂ സിങ്ങിന് ഗോൾ പ്രതിരോധത്തിന് അവസരമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കാനും ഈസ്റ്റ് ബംഗാളിന് സാധിച്ചു.
രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ ഹിജാസി മഹറിന്റെ ഗോൾ പിറന്നു. 84-ാം മിനിറ്റിൽ ഡാനിഷ് ഫാറുഖാണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടിയത്. മത്സരത്തിലെ പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സ്. 18 മത്സരങ്ങളിൽ നിന്ന് ആറ് ജയവും മൂന്ന് സമനിലയും ഒമ്പത് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.
Content Highlights: Hijazi scores for Torch Bearers, Danish puts one back for Blasters