മനോജിന്റെ കരിയർ പാതിവഴിയിൽ അവസാനിച്ചത് എങ്ങനെ?; മുൻ താരം തുറന്നുപറച്ചിലുകൾ നടത്തുമ്പോൾ

മനോഹരമായ ഫുട്‍വർക്കുകൾ അയാളുടെ ബാറ്റിങ്ങിന്റെ അഴകായിരുന്നു

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ​ഗൗതം ​ഗംഭീറിനെ വെറുതെ വിടാൻ ഒരുക്കമല്ലെന്ന് വീണ്ടും പറയുകയാണ് മുൻ താരം മനോജ് തിവാരി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപിലുണ്ടായ ഒരു മോശം സംഭവം തിവാരി തുറന്നുപറഞ്ഞു. ഒരിക്കൽ ഡ്രെസ്സിങ് റൂമിൽ വെച്ച് തന്നെ ഇനി കളിപ്പിക്കില്ലെന്ന് ​ഗംഭീർ പറഞ്ഞു. ഒരു യുവതാരത്തിന്റെ ഉയർച്ചയിൽ മാധ്യമശ്രദ്ധ ലഭിച്ചതാവും തന്നോടുള്ള ​ഗംഭീറിന്റെ ദേഷ്യത്തിന് കാരണമായത്. അന്നത്തെ ബൗളിങ് പരിശീലകൻ വസീം അക്രം ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഡ്രെസ്സിങ് റൂമിൽ ഒരു ഏറ്റുമുട്ടൽ ഉണ്ടായേനെ. ​ഗംഭീറിനെതിരെയുള്ള തിവാരിയുടെ പുതിയ ആരോപണങ്ങൾ ഇപ്രകാരമാണ്.

മുമ്പ് പലതവണ ​ഗംഭീറിനെതിരെ വിമർശനവുമായി തിവാരി രം​ഗത്തെത്തിയിരുന്നു. ​ഗംഭീറിന്റെ മാത്രം മികവുകൊണ്ടല്ല കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ചാംപ്യന്മാരായത്. ജാക് കാലിസിന്റെയും സുനിൽ നരെയ്ന്റെയും തന്റെയും സംഭാവനകൾ ​കിരീടവിജത്തിന്റെ ഭാ​ഗമാണ്. എല്ലാ ക്രെഡിറ്റും ​ഗംഭീർ തട്ടിയെടുക്കുന്നു. രഞ്ജി ട്രോഫിയില ഡൽഹി-ബം​ഗാൾ മത്സരത്തിനിടെയിലെ ​ഗംഭീർ-തിവാരി വാക്കേറ്റവും ഏറെ വർഷങ്ങൾക്ക് ശേഷം ചർച്ചയായി. ​ഗംഭീറിന് സമാനമായി ഒരു പി ആർ ടീം ഉണ്ടായിരുന്നെങ്കിൽ താൻ ഇന്ത്യൻ ക്യാപ്റ്റൻ വരെയാകുമായിരുന്നുവെന്നും തിവാരി അവകാശവാദം ഉന്നയിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയരങ്ങളിലേക്ക് വളരാൻ കഴിയാതെപോയ തിവാരിയുടെ കരിയറിൽ വില്ലനായത് ആരാണ്.

2007ൽ ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പര. വെസ്റ്റ് ഇൻഡീസിൽ നടന്ന ഏകദിന ലോകകപ്പിൽ ​ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ശേഷമാണ് ഇന്ത്യൻ ടീം പരമ്പരയ്ക്കിറങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ നിന്നൊരു സൂപ്പർതാരം ഇന്ത്യയ്ക്കായി അരങ്ങേറാൻ ഒരുങ്ങുന്നുവെന്നായിരുന്നു അന്ന് മാധ്യമങ്ങൾ തലക്കെട്ടുകൾ നൽകിയിരുന്നത്. എന്നാൽ ആദ്യ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് പരിശീലനത്തിനിടെ അയാൾക്ക് പരിക്കേറ്റു. രാജ്യത്തിനായി അരങ്ങേറ്റ മത്സരമെന്ന സ്വപ്നം പൂർത്തിയാക്കാനായി അയാൾക്ക് പിന്നെയും കാത്തിരിക്കേണ്ടി വന്നു. പിന്നീട് പലതവണ ഇന്ത്യൻ ടീമിലേക്ക് വിളിവന്നെങ്കിലും പരിക്ക് വില്ലനായി. വെസ്റ്റ് ഇൻഡീസിനെതിരെ ഏക സെഞ്ച്വറി നേടിയ മത്സരത്തിലും റിട്ടയർഡ് ഹർട്ടായി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി. ഒടുവിൽ 12 ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20യിലും മാത്രമായി ആ അന്താരാഷ്ട്ര കരിയർ അവസാനിച്ചു.

2021ൽ തൃണമൂൽ കോൺ​ഗ്രസിനൊപ്പം അയാൾ ജീവിതത്തിലെ രണ്ടാം ഇന്നിം​ഗ്സിന് തുടക്കമിട്ടു. എങ്കിലും 2024 വരെ ഇന്ത്യൻ ​ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളി തുടർന്നു. വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഒരുപാട് പറയാനുണ്ടെന്ന് തിവാരി അറിയിച്ചിരുന്നു. ആദ്യം രഞ്ജി ട്രോഫി ടൂർണമെന്റിനെക്കുറിച്ചായിരുന്നു വിമർശനം. താരങ്ങൾക്ക് ഐപിഎൽ കളിക്കാനാണ് താൽപ്പര്യം, അങ്ങനെയെങ്കിൽ രഞ്ജി ട്രോഫി നിർത്തലാക്കണമെന്ന് തിവാരി തുറന്നടിച്ചു. പിന്നീട് അയാളുടെ വാക്കുകൾ പല സഹതാരങ്ങൾക്ക് നേരെയും തിരിഞ്ഞു. ​​ഗംഭീറിനൊപ്പം മഹേന്ദ്ര സിങ് ധോണിയും തിവാരിയുടെ വിമർശനത്തിന് ഇരയായി. വെസ്റ്റ് ഇൻഡീസിനെതിരെ സെ‍ഞ്ച്വറി നേടിയിട്ടും തന്നെ എന്തുകൊണ്ട് ടീമിൽ നിന്നൊഴിവാക്കി. തിവാരിയുടെ ധോണിയോടുള്ള ചോദ്യം ഇപ്രകാരമായിരുന്നു. പ്രതികരണത്തിന് ധോണി തയ്യാറായിട്ടുമില്ല.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ 10,000ത്തിലധികം റൺസ് നേടിയ താരം. മനോഹരമായ ഫുട്‍വർക്കുകൾ അയാളുടെ ബാറ്റിങ്ങിന്റെ അഴകായിരുന്നു. പേസർമാരെ അനായാസം അതിർത്തി കടത്തുന്ന ഡ്രൈവുകൾ. ഓഫ് സ്റ്റമ്പിന് പുറത്ത് തിവാരിക്കെതിരെ ഒരു പന്ത് എറിയാൻ ഒരു സ്പിന്നർ ധൈര്യപ്പെട്ടാൽ ലോങ് ഓണിന് മുകളിൽ പറക്കുന്ന സിക്സർ കാണാൻ കഴിയുമായിരുന്നു. ആ കരിയർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അറിയപ്പെടാതെ പോയി. ഇന്ത്യൻ ക്രിക്കറ്റിന്റെ മധ്യനിരയിലെ കടുത്ത തിരക്കും പരിക്കുകൾ തുടർച്ചയായി അലട്ടിയതും തിവാരിയുടെ കരിയർ പാതിവഴിയിൽ അവസാനിക്കുന്നതിന് കാരണമായി. അതൊരുപക്ഷേ നഷ്ടമാക്കിയത് ഇതിഹാസ സമാന കരിയർ തന്നെയാവും.

Content Highlights: Amid Manoj Tiwari's brutal remark on his mates, the biggest setbacks of his career

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us