സ്പാനിഷ് ലാ ലീഗ ഫുട്ബോളിൽ വലൻസിയയെ തകർത്തെറിഞ്ഞ് ബാഴ്സലോണ. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. ഫെർമിൻ ലോപസ് ബാഴ്സയ്ക്കായി ഇരട്ട ഗോളുകളും ഇരട്ട അസിസ്റ്റും നേടി. ഫ്രെങ്കി ഡി ജോങ്ക്, ഫെറാൻ ടോറസ്, റാഫീഞ്ഞ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവർ ഓരോ ഗോളുകൾ വീതവും വലയിലാക്കി.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ബാഴ്സ വലചലിപ്പിച്ചു. ഫ്രെങ്കി ഡി ജോങ്ക് ആണ് ബാഴ്സയെ മുന്നിലെത്തിച്ചത്. ലമീൻ യമാൽ നൽകിയ പാസ് അനായാസം വലയിലെത്തിച്ചാണ് ഫ്രെങ്കി ആദ്യ ഗോൾ നേടിയത്. എട്ടാം മിനിറ്റിൽ ഫെറാൻ ടോറസ് വലചലിപ്പിച്ചു. 14-ാം മിനിറ്റിൽ റാഫീഞ്ഞ ഡയസിന്റെ വകയായിരുന്നു ഗോൾ. സീസണിൽ താരത്തിന്റെ 12-ാം ഗോൾ ആണിത്.
24-ാം മിനിറ്റിൽ ഫെർമിൻ ലോപസ് തന്റെ ആദ്യ ഗോൾ വലയിലാക്കി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ 49-ാം മിനിറ്റിൽ ബാഴ്സയുടെ അഞ്ചാം ഗോൾ പിറന്നു. റാഫീഞ്ഞയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി തിരികെയെത്തിയെങ്കിലും ഫെർമിൻ ലോപസ് വീണ്ടും വലയിലാക്കി. രണ്ടാം പകുതിയിലായിരുന്നു വലൻസിയയുടെ ആശ്വാസ ഗോൾ പിറന്നത്. 59-ാം മിനിറ്റിൽ ഹ്യൂഗോ ഡ്യൂറോ വലചലിപ്പിച്ചു.
66-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഊഴമായിരുന്നു. പിന്നാലെ 75-ാം മിനിറ്റിൽ വലൻസിയ താരം സീസർ തരേഗയുടെ സെൽഫ് ഗോളും ബാഴ്സയ്ക്ക് അനുകൂലമായി. ലാ ലീഗ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. റയൽ മാഡ്രിഡ് ഒന്നാമതും അത്‍ലറ്റികോ മാഡ്രിഡ് രണ്ടാമതുമുണ്ട്.
Content Highlights: Fermin Lopez Stars With 2 Goals And 2 Asissts In 7-1 La Liga Win