ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിജയം സ്വന്തമാക്കി പഞ്ചാബ് എഫ് സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പഞ്ചാബ് ബെംഗളൂരുവിനെ മുട്ടുകുത്തിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമനില തകർത്ത് ലൂക്ക മജ്സെൻ നേടിയ ഗോളിലാണ് പഞ്ചാബിന്റെ വിജയം. ഇഞ്ചുറി ടൈമിലും 2-2 എന്ന നിലയിൽ കലാശിക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തിൻ്റെ ഗതി ലൂക്ക അവസാന മിനിറ്റുകളിലാണ് മാറ്റിമറിച്ചത്.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെംഗളൂരു ലീഡെടുത്തു. 49-ാം മിനിറ്റില്‍ എഡ്ഗര്‍ മെന്‍ഡസാണ് ബെംഗളൂരുവിന്റെ ആദ്യഗോൾ നേടിയത്. പക്ഷേ തൊട്ടുപിന്നാലെ പഞ്ചാബ് എഫ്സിയുടെ മറുപടിയെത്തി. 55-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റി അസ്മിര്‍ സുല്‍ജിക്കാണ് പഞ്ചാബിന് സമനില സമ്മാനിച്ചത്.
79-ാം മിനിറ്റില്‍ ഫിലിപ് മിര്‍സിൽജാക്ക് ഒരു റീബൗണ്ട് മുതലെടുത്ത് പഞ്ചാബിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ രാഹുല്‍ ഭേക്കെയിലൂടെ ബെംഗളൂരു സമനില നേടി. മത്സരത്തിൽ പകരക്കാരനായി എത്തിയ ലൂക്ക മജ്സെൻ അവസാന നിമിഷം വിജയ ഗോളും സമ്മാനിച്ചു.
ത്രില്ലർ വിജയത്തോടെ 23 പോയിന്റുമായി ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് പഞ്ചാബ് എഫ്സി. വിജയമില്ലാത്ത ഏഴ് മത്സരങ്ങളെന്ന നാണക്കേടും ഒഴിവാക്കാൻ പഞ്ചാബിന് സാധിച്ചു. അതേസമയം ബെംഗളൂരു എഫ്സിക്ക് മുന്നോട്ട് കുതിക്കാനുള്ള അവസരം നഷ്ടമായി. 19 മത്സരങ്ങളിൽ 28 പോയിന്റുമായി നിലവിൽ അഞ്ചാമതാണ് ഛേത്രിയും സംഘവും.
Content Highlights: ISL 2024-25: Luka Majcen's late strike helps Punjab FC beat Bengaluru FC