ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വപ്‌നകുതിപ്പ് തുടര്‍ന്ന് നോട്ടിങ്ഹാം ഫോറസ്റ്റ്. ബ്രൈറ്റണെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് നോട്ടിങ്ഹാം സ്വന്തമാക്കിയത്. ക്രിസ് വുഡിന്റെ ഹാട്രിക്കാണ് നോട്ടിങ്ഹാമിനെ വമ്പന്‍ വിജയത്തിലേക്ക് നയിച്ചത്. 1997ന് ശേഷം നോട്ടിങ്ഹാം സ്വന്തമാക്കുന്ന ഏറ്റവും വലിയ പ്രീമിയർ ലീഗ് വിജയമാണിത്.
A day to remember. pic.twitter.com/fiHREXk27P
— Nottingham Forest (@NFFC) February 1, 2025
നോട്ടിങ്ഹാമിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 12-ാം മിനിറ്റില്‍ തന്നെ ബ്രൈറ്റന്റെ വലകുലുങ്ങി. ബ്രൈറ്റണ്‍ താരം ലൂയിസ് ഡങ്കിന്റെ സെല്‍ഫ് ഗോളാണ് ഫോറസ്റ്റിന്റെ ആദ്യഗോളായി കുറിക്കപ്പെട്ടത്. 25-ാം മിനിറ്റില്‍ മോര്‍ഗന്‍ ഗിബ്‌സ് ഫോറസ്റ്റിന്റെ രണ്ടാം ഗോള്‍ വലയിലാക്കി. 32-ാം മിനിറ്റില്‍ ക്രിസ് വുഡിന്റെ ഗോളോടെ 3-0 എന്ന നിലയില്‍ ആദ്യപകുതി പിരിഞ്ഞു.
രണ്ടാം പകുതിയിലും ഫോറസ്റ്റ് ഗോള്‍വേട്ട തുടര്‍ന്നു. 64, 69 മിനിറ്റുകളില്‍ ഗോളടിച്ച് ക്രിസ് വുഡ് ഹാട്രിക് പൂര്‍ത്തിയാക്കി. ഇതോടെ മത്സരം 5-0 എന്ന നിലയിലായി. 89-ാം മിനിറ്റില്‍ നെക്കോ വില്യംസും ഇഞ്ചുറി ടൈമില്‍ ജോട്ട സില്‍വയും ഗോള്‍ നേടിയതോടെ ഫോറസ്റ്റ് അതിഗംഭീരമായി വിജയം പൂര്‍ത്തിയാക്കി.
24 മത്സരങ്ങളില്‍ 14 വിജയവും 47 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് നോട്ടിങ്ഹാം ഫോറസ്റ്റ്. പത്താമതാണ് ബ്രൈറ്റണ്‍. 24 മത്സരങ്ങളില്‍ എട്ട് വിജയവും 34 പോയിന്റുമാണ് ബ്രൈറ്റന്റെ സമ്പാദ്യം.
Content Highlights: Premier League 2024-25: Nottingham Forest Crush Brighton 7-0 in Historic Victory