സെക്യൂരിറ്റി ഗാർഡിനെയും മറികടന്ന് ഒരു മെസ്സി ആരാധകൻ ഗ്രൗണ്ടിൽ മെസ്സിയെ തൊട്ടു എന്നതാണ് ഫുട്ബോൾ ലോകത്ത് ഇന്ന് പരക്കുന്ന പ്രധാന കൗതുക വാർത്ത. വളരെ സാധാരണമായി ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും എന്ത് കൊണ്ടാണ് വലിയ അത്ഭുത വാർത്തയായി ഇത് കൊണ്ടാടപ്പെടുന്നത്? പല താരങ്ങളുടെയും സെക്യൂരിറ്റി ഗാർഡുമാരെ പോലെ അല്ല, മെസ്സിയുടെ സെക്യൂരിറ്റി ഗാർഡ് എന്നത് തന്നെയാണ് ഇതിന് പിന്നിലെ പ്രത്യേകത.
അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലെത്തിയതിന് പിന്നാലെ മെസ്സിയുടെ നിഴൽ പോലെ സംരക്ഷണം നൽകുന്ന ഈ ബോഡിഗാർഡിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായതാണ്. മെസ്സി പരിശീലനത്തിനിറങ്ങുമ്പോഴും മത്സരിക്കാനിറങ്ങുമ്പോഴുമെല്ലാം ഈ ബോഡിഗാർഡ് കൂടെയുണ്ടാകും.
യാസൈൻ ച്യൂക്കോ എന്നാണ് കക്ഷിയുടെ പേര്. ആള് വെറുമൊരു ബോഡിഗാർഡ് അല്ല. പഴയ യുഎസ് സൈനികൻ കൂടിയാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ച്യൂക്കോ. മെസ്സിയുടെ സുരക്ഷയ്ക്കായി ഇന്റർ മയാമിയുടെ സഹ ഉടമസ്ഥനായ ഡേവിഡ് ബെക്കാം നേരിട്ടാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
ത്വയ്കൊണ്ടോ, ബോക്സിങ്, അയോധന കല, എന്നിവയിൽ വൈദഗ്ധ്യമുള്ളയാളാണ് യാസൈൻ ച്യൂക്കോ. കൂടാതെ നിരവധി എംഎംഎ ഫൈറ്റുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇത് കൂടാതെ സ്വന്തമായി ഒരു വസ്ത്ര ബ്രാൻഡും അദ്ദേഹത്തിനുണ്ട്. ചുരുക്കി പറഞ്ഞാൽ മെസ്സിയുടെ കൂടെയുള്ളത് കേവലം പേരിനൊരു ബോഡി ഗാർഡല്ല എന്ന് സാരം.
Messi’s bodyguard is working over time 🤯🤯🤯 pic.twitter.com/3GuDS9dA4O
— Fentuo Tahiru Fentuo (@Fentuo_) August 24, 2023
നേരത്തെ ഒരു രസകരമായ ഒരു ഉപമയും അദ്ദേഹത്തിന് ആരാധകരുടെ വക സമ്മാനിക്കപ്പെട്ടിരുന്നു. അർജന്റൈൻ ദേശീയ ടീമിൽ കളിക്കുമ്പോൾ മെസ്സിയുടെ അംഗരക്ഷകനെന്ന് വിളിപ്പേരുള്ള സഹതാരം റോഡ്രിഗോ പോളിന്റെ 'ബാള്ഡ് വേര്ഷൻ' എന്നായിരുന്നു അന്നത്തെ ഉപമ. ഏതായാലും ഗ്രൗണ്ടിലോ ഗ്രൗണ്ടിന് പുറത്തോ യാസൈന്റെ ബലിഷ്ഠമായ കൈകളോ ശരീരമോ മറികടന്ന് ഇതുവരെയും ഒരു ആരാധകനും മെസ്സിയുടെ അടുത്തെത്താൻ ആയിട്ടില്ലായിരുന്നു. ഇതാണ് ഇന്നലെ ഒരു ആരാധകനാൽ മറികടക്കപ്പെട്ടത്.
Someone finally defeated Messi’s bodyguard 😂pic.twitter.com/qQzJX85I93
— Castro1021 (@Castro1021) February 3, 2025
പനാമയില്‍ നടന്ന ഇന്‍റര്‍ മയാമിയും സ്പോര്‍ട്ടിംഗ് സാന്‍ മിഗ്വേലിറ്റോയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മത്സരത്തില്‍ ഇന്‍റര്‍ മയാമി 3-1ന് ജയിച്ചിരുന്നു. സെക്യൂരിറ്റി ഗാർഡുമാരെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്കോടിയ ആരാധകനെ വീഴ്ത്താൻ യാസൈനും കഴിഞ്ഞില്ല. മെസിക്ക് അരികിലെത്തുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ തെന്നിവീണ ആരാധകൻ ഞൊടിയിടയിൽ മെസ്സിക്കടുത്തെത്തി. അതിനിടയിൽ ബോഡി ഗാര്‍ഡിനെയും ആരാധകൻ മറികടന്നു. ഇതോടെ ഇതിന്റെ വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു.
Content Highlights: Lionel Messi's bodyguard is finally beaten by fan; who is Yassine Chueko