
അര്‍ജന്റീന ദേശീയ ടീമിനൊപ്പമുള്ള ഫൈനല്‍ പരാജയങ്ങള്‍ തന്നെ വല്ലാതെ ബാധിച്ചിരുന്നെന്ന് സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ. 2014 ലോകകപ്പ് ഫൈനലിലും 2015 ലും 2016 ലും രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലുമാണ് അര്‍ജന്റീന തോല്‍വികള്‍ ഏറ്റുവാങ്ങിയത്. പിന്നീട് 2022 ലോകകപ്പിലും 2021ലെയും 2024ലെയും കോപ്പ അമേരിക്കയിലും അര്‍ജന്റീന ചാംപ്യന്മാരായിരുന്നു.
മൂന്ന് കിരീടനേട്ടങ്ങളിലും നിര്‍ണായക പങ്കുവഹിക്കാനും ഡി മരിയയ്ക്ക് സാധിച്ചിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം ചരിത്ര വിജയം സ്വന്തമാക്കി സ്വയം വീണ്ടെടുത്തെങ്കിലും ഹൃദയഭേദകമായ നഷ്ടങ്ങളുടെ മുറിവുകള്‍ പൂര്‍ണമായും ഉണങ്ങിയിട്ടില്ലെന്ന് തുറന്നുപറയുകയാണ് ഡി മരിയ. ഇന്‍ഫോബേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെനഫിക്കയുടെ സ്റ്റാര്‍ വിങ്ങര്‍ മനസ്സുതുറന്നത്.
'ആ തോല്‍വികള്‍ക്ക് ശേഷം ഞാനിപ്പോഴും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അതിന്റെ ആഘാതം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭേദമായി വരികയാണ്. പക്ഷേ ചില കാര്യങ്ങള്‍ എല്ലാകാലത്തും നമുക്കൊപ്പം നിലനില്‍ക്കും', ഡി മരിയ തുറന്നുപറഞ്ഞു.
Ángel Di María said he continues to take medication to cope with the disappointment and pressure of losing three straight finals with Argentina.
— ESPN Caribbean (@ESPN_Caribbean) February 17, 2025
Argentina lost the 2014 FIFA World Cup, 2015 Copa América, and 2016 Copa América finals in a three-year span.https://t.co/VTRsLulGoy… pic.twitter.com/RFxgFtVotQ
അര്‍ജന്റീനയുടെ മുന്‍ ടീമംഗങ്ങളില്‍ പലര്‍ക്കും കിരീട നേട്ടം കൈവരിക്കാന്‍ കഴിയാതെ പോയതില്‍ തനിക്ക് സഹതാപമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടും വിജയിക്കാത്തവരെ ആരാണ് ഓര്‍മ്മിക്കാറുള്ളത്? ആരും അവരെക്കുറിച്ച് സംസാരിക്കാറില്ല. കോപ്പ അമേരിക്കയും ലോകകപ്പും വിജയിച്ചപ്പോഴെല്ലാം ഞാന്‍ പഴയ ടീമംഗങ്ങളെ ഓര്‍ക്കാനും നന്ദി പറയാനും ശ്രമിച്ചിരുന്നു', ഡി മരിയ പറഞ്ഞു.
അര്‍ജന്റീന കിരീടം നേടിയ ഫൈനലുകളില്‍ ഗോളുകളടിച്ചും മറ്റും ഹീറോയായ താരമാണ് ഏയ്ഞ്ചല്‍ ഡി മരിയ. 2021 ലെ കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെതിരെ അര്‍ജന്റീനയുടെ നേടിയ ഏക ഗോളും 2022 ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരായ വിജയത്തില്‍ തന്റെ ടീമിനായി ആദ്യ ഗോളും നേടിയത് ഡി മരിയയായിരുന്നു. 2024ലെ കോപ്പ നേട്ടത്തോടെ ഡി മരിയ അര്‍ജന്റീന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയും ചെയ്തു.
Content Highlights: Angel Di Maria admits he still takes medication to cope with three big final defeats to Argentina