
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഇത്തവണ എഫ് സി ഗോവയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഗോവയ്ക്കായി ഐകർ ഗുവറൊറ്റ്ക്സേ, മുഹമ്മദ് യാസിർ എന്നിവർ വലചലിപ്പിച്ചു. വിജയത്തോടെ എഫ് സി ഗോവ പ്ലേ ഓഫ് ഉറപ്പിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഇരുടീമുകളും ഗോൾ നേട്ടത്തിനായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതി തുടങ്ങിയതും ഗോവൻ സംഘം ലീഡെടുത്തു. ഐകർ ഗുവറൊറ്റ്ക്സേയാണ് ഗോവയ്ക്കായി വലചലിപ്പിച്ചത്. 73-ാം മിനിറ്റിൽ മുഹമ്മദ് യാസിറിന്റെ ഗോളിൽ ഗോവ ലീഡ് ഉയർത്തി. പിന്നാലെ നിശ്ചിത സമയം പൂർത്തിയാകുമ്പോൾ എഫ് സി ഗോവ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം സ്വന്തമാക്കി.
മത്സരം വിജയിച്ച എഫ് സി ഗോവ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 21 മത്സരങ്ങളിൽ നിന്ന് ഗോവയ്ക്ക് 42 പോയിന്റുണ്ട്. മത്സരം പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് സംഘം പോയിന്റ് ടേബിളിൽ 10-ാം സ്ഥാനത്തേയ്ക്ക് താഴ്ന്നു. 10-ാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 21 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണുള്ളത്. 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.
Content Highlights: FC Goa keeps title race alive with 2-0 win over Kerala Blasters