
ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ ഷീൽഡ് ജേതാക്കളായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ഒഡീഷയ്ക്ക് എതിരെ ഇന്ന് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരുഗോളിന് വിജയിച്ചാണ് മോഹൻ ബഗാൻ ലീഗ് ചാംപ്യൻമാർക്കുള്ള ഷീൽഡ് നിലനിർത്തിയത്. ഇനിയും മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേയാണ് മോഹൻ ബഗാൻ ഷീൽഡ് ഉറപ്പിച്ചത്.
കൊൽക്കത്തയിലെ സാൾട്ട്‍ ലേക്ക് സ്റ്റേഡിയത്തിൽ ഒഡീഷയ്ക്കെതിരെ മോഹൻ ബഗാന്‍ ഗോൾ കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഗോൾ രഹിതമായ 90 മിനിറ്റുകൾക്ക് ശേഷം ഇഞ്ചുറി ടൈമിലാണ് മോഹൻ ബഗാൻ വിജയഗോൾ കണ്ടെത്തിയത്. 93–ാം മിനിറ്റിൽ ദിമിത്രി പെട്രറ്റോസാണ് ഒഡീഷയുടെ വല കുലുക്കിയത്. 83–ാം മിനിറ്റിൽ ഒഡീഷ ഡിഫൻഡർ മുർത്താദ ഫാളിന് റെഡ് കാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നത് കളിയിൽ നിർണായകമായി.
ഒഡീഷയ്ക്കെതിരായ വിജയത്തോടെ മോഹൻ ബഗാൻ 22 മത്സരങ്ങളിൽ നിന്ന് 52 പോയിന്റ് സ്വന്തമാക്കി. 42 പോയിന്റുമായി രണ്ടാമത് ഉള്ള ഗോവ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ വിജയിച്ചാലും 51 പോയിന്റിൽ മാത്രമേ എത്തുകയുള്ളൂ.
തുടർച്ചയായ രണ്ടാം സീസണിലാണ് മോഹൻ ബഗാൻ ഷീൽഡ് സ്വന്തമാക്കുന്നത്. 2023-24 സീസണില്‍ 50 പോയിന്‍റുമായി മോഹന്‍ ബഗാന്‍ ലീഗ് ചാംപ്യന്മാരായിരുന്നു. ഇതോടെ ചരിത്രനേട്ടവും മോഹന്‍ ബഗാന്‍ സ്വന്തമാക്കി. ഇന്ത്യന്‍ സൂപ്പർ ലീഗില്‍ ഷീല്‍ഡ് നിലനിർത്തുന്ന ആദ്യ ടീമെന്ന ബഹുമതിയാണ് മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്.
Content highlights: Mohun Bagan clinch ISL League Shield with win over Odisha