
ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്സിയോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ കുരുക്കിയത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഈ സമനിലയോടെ ഇന്ത്യൻ സൂപ്പർ ലീഗ് 2025 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തീർത്തും അവസാനിച്ചു.
മോഹൻ ബഗാനും എഫ്സി ഗോവയ്ക്കും മുൻപിൽ വീണതിന് പിന്നാലെ ആശ്വാസ ജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെതിരെ ഇറങ്ങിയത്. 35-ാം മിനിറ്റിൽ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വിജയ പ്രതീക്ഷ നൽകി. കൊറു സിങ് ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ വല കുലുക്കിയത്.
രണ്ടാം പകുതിയിൽ ജംഷഡ്പൂർ സമനിലക്ക് ആയി പരിശ്രമിച്ചു എങ്കിലും അവർക്ക് സമനില ഗോൾ നേടാൻ ആയില്ല. 81-ാം മിനുറ്റിൽ ഡാനിഷ് ഫാറൂഖിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ നേടി ലീഡ് ഇരട്ടിയാക്കിയെങ്കിലും റഫറി തെറ്റായി ഓഫ്സൈഡ് വിളിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ഓൺ ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ലീഡും വിജയവും കൈവിട്ടു.
ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് 22 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി. ഇനി ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും ആദ്യ ആറിൽ എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കില്ല.
Content Highlights: ISL 2024-25: Kerala Blasters are officially out of the Top 6 race