
ഇന്ത്യൻ ഫുട്ബോൾ ആരാധകരെ തേടി സന്തോഷ വാർത്തയെത്തിയിരിക്കുകയാണ്. രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രി വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടുകെട്ടാൻ ഒരുങ്ങുന്നു. ഇന്ത്യൻ ഫുട്ബോൾ ടീം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇതിഹാസ നായകന്റെ തിരിച്ചുവരവ് അറിയിച്ചത്.
വിരമിക്കൽ പിൻവലിച്ച ഛേത്രി എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങും. 40 വയസ്സുകാരനായ ഛേത്രി മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെയാണ് കളിക്കുക. മാർച്ച് 25നാണ് മത്സരം.
കഴിഞ്ഞ വർഷമായിരുന്നു സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ജൂണിൽ കുവൈത്തിനെതിരെ നടന്ന മത്സരത്തിലാണ് ഛേത്രി അവസാനമായി ഇന്ത്യക്ക് വേണ്ടി ബുട്ടണിഞ്ഞത്. ഈ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു.
2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ ബംഗ്ലാദേശ്, ചൈന, സിംഗപ്പൂർ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യ ഇനി കളിക്കുക. ഈ മാസം 19ന് മാലിദ്വീപിനെതിരെ സൗഹൃദ മത്സരവും ഇന്ത്യക്ക് മുമ്പിലുണ്ട്. ഇതിനുശേഷം 2027ൽ നടക്കുന്ന എഎഫ്സി ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും. ഛേത്രിയുടെ മടങ്ങിവരവ് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസമായിരിക്കും നൽകുക.
Content Highlights: Sunil Chhetri comes back from retirement, to play against Bangladesh later this month