
സ്വന്തം മണ്ണിലെ അവസാന പോരാട്ടത്തില്‍ കരുത്തരായ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തതിന്റെ ചെറിയ ആശ്വാസത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മടങ്ങാം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈയെ ബ്ലാസ്‌റ്റേഴ്‌സ് മുട്ടുകുത്തിച്ചത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.
കൊച്ചിയിലെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 52-ാം മിനിറ്റിലാണ് ക്വാമെ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്‌സ് വലകുലുക്കിയത്. മുംബൈയുടെ പ്രതിരോധനിര താരത്തില്‍ നിന്ന് പന്ത് തട്ടിയെടുത്ത് പെപ്ര ഗോള്‍ കീപ്പറെ മറികടന്ന് പന്ത് വലയിലാക്കി ബ്ലാസ്റ്റേഴ്‌സിന് 1-0ന്റെ ലീഡ് നേടിക്കൊടുത്തു.
ഗോള്‍ തിരിച്ചടിക്കാന്‍ മുംബൈ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 68-ാം മിനിറ്റില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ക്രോസ് ഐബന്റെ കയ്യില്‍ തട്ടിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. 88ാം മിനിറ്റില്‍ നവോച്ചയില്‍ നിന്ന് വന്ന ടാക്കിളും 89-ാം മിനിറ്റിലെ നോവയുടെ ഇടംകാല്‍ ഷോട്ടും കളിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച നിമിഷങ്ങളായിരുന്നു.
മത്സരത്തിന്റെ അധികസമയത്ത് വിക്രം പ്രതാപ് സിങ്ങിന്റെ ഷോട്ട് അവിശ്വസനീയമായ ഒരു ഗോള്‍ലൈന്‍ സേവിലൂടെ ബികാശ് യുംനം തടുത്തതും മുംബൈയ്ക്ക് തിരിച്ചടിയായി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയം സ്വന്തമാക്കുകയും ചെയ്തു.
ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം മുംബൈയുടെ പ്ലേ ഓഫിലേക്കുള്ള വഴിമുടക്കിയിരിക്കുകയാണ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ സമനില നേടിയാല്‍ പോലും മുംബൈക്ക് പ്ലേഓഫ് ഉറപ്പിക്കാമായിരുന്നു. എന്നാല്‍ ഒരു മത്സരം കൂടി മുംബൈക്ക് ഇനി ബാക്കിയുണ്ട്. അതില്‍ വിജയിച്ചാല്‍ മാത്രമേ മുംബെെയ്ക്ക് പ്ലേ ഓഫില്‍ കടക്കാനാകൂ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ എട്ടാമത്തെ ജയമാണ് ഇത്. നാല് കളിയില്‍ സമനില വഴങ്ങിയപ്പോള്‍ 11 കളിയില്‍ തോറ്റു.
Content Highlights: ISL 2024-25: Peprah goal gives Kerala Blasters the Win vs Mumbai City FC