
ബെംഗളൂരു എഫ്‌സിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് മറികടന്ന് മുംബൈ സിറ്റി എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ളേ ഓഫ് കടന്നു. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മുംബൈയ്ക്കായി ലാലിയൻസുവാല ചാങ്‌തെയും നിക്കോസ് കരേലിസും ഗോൾ നേടി. 8 , 37 മിനിറ്റുകളിലായിരുന്നു ഇരുവരുടെയും ഗോളുകൾ.
തങ്ങളുടെ അവസാന മത്സരത്തിൽ പ്ളേ ഓഫിലെത്താൻ സമനില നിർബന്ധമായിരുന്നു മുംബൈ സിറ്റിക്ക്. തൊട്ടുപിന്നിൽ 33 പോയിന്റുമായി ഒഡീഷ എഫ്‌സിയുമുണ്ടായിരുന്നു. എന്നാൽ ജയത്തോടെ 36 പോയിന്റിൽ മുംബൈ പ്ളേ ഓഫിലെത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (38), ബെംഗളൂരു എഫ്സി.(38), ജംഷദ്പുർ എഫ്സി (38) ടീമുകൾ ഇതിന് മുമ്പ് തന്നെ പ്ലേ ഓഫിലെത്തിയിരുന്നു.
24 കളിയിൽ 56 പോയിന്റുമായി ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ മോഹൻ ബഗാനും 48 പോയിന്റുള്ള എഫ്സി ഗോവയും പോയിന്റ് ആധിപത്യത്തിൽ സെമിഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. ബാക്കി നാലുടീമുകൾ സെമിഫൈനലിനായി പ്ലേ ഓഫ് കളിക്കും. ഇനി കേരള ബ്ലാസ്‌റ്റേഴ്‌സും-ഹൈദരാബാദ് എഫ്സിയും തമ്മിൽ ബുധനാഴ്ച നടക്കുന്ന മത്സരമാണ് ലീഗ് റൗണ്ടിൽ നടക്കാനുള്ള ഒരേയൊരു മത്സരം.
Content Highlights: Bengaluru FC vs Mumbai City