
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനിലയോടെ മടക്കം. ഹൈദരാബാദ് എഫ് സിക്കെതിരായ മത്സരത്തിൽ ഓരോ ഗോൾ വീതമാണ് ഇരുടീമുകളും നേടിയത്. ബ്ലാസ്റ്റേഴ്സിനായി ദുഷാൻ ലഗേറ്റർ വലചലിപ്പിച്ചു. സൗരവ് കെ ആണ് ഹൈദരാബാദിനായി വലചലിപ്പിച്ചത്. ഇതോടെ ഐഎസ്എൽ ലീഗ് ഘട്ട മത്സരങ്ങൾക്ക് അവസാനമായി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നു. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് ദുഷാാൻ ലഗേറ്റർ ഗോളാക്കി മാറ്റിയത്. ആദ്യ പകുതിയിൽ ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സ് നിരവധി തവണ ശ്രമിച്ച് നോക്കിയെങ്കിലും ഹൈദരാബാദ് ശക്തമായി പ്രതിരോധിച്ചു. ഒടുവിൽ ആദ്യ പകുതിയുടെ 45-ാം മിനിറ്റിൽ സൗരവ് കെയുടെ കിടിലനൊരു വലംകാൽ ഷോട്ട് ഹൈദരാബാദിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ വിജയത്തിനായി ഇരുടീമുകളും ശക്തമായ ശ്രമമാണ് നടത്തിയത്. എന്നാൽ ആർക്കും ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെ സമനിലയുമായി മടങ്ങാനായിരുന്നു ഇരുടീമുകളുടെയും വിധി. ഐഎസ്എൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് എട്ടാമതും ഹൈദരാബാദ് 12-ാമതും ഫിനിഷ് ചെയ്തു.
Content Highlights: Blasters ISL Campaign ended in a one goal each draw