ഹൈദരാബാദില്‍ ഒരു ചോദ്യം ഉയരുന്നു; 26 വയസ് മാത്രമുള്ള താരത്തിന്റെ കരിയർ അത്രവേഗം അങ്ങ് തീർന്നാലോ?

ഹൈദരാബാദില്‍ പരിശീലന മത്സരത്തില്‍ ബാക് ടു ബാക് അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയ താരം

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സ് താരങ്ങള്‍ പരിശീലനം നടത്തുകയാണ്. പരിശീലന മത്സരത്തില്‍ ബാക് ടു ബാക് അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയ ഒരു താരമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇരട്ട സെഞ്ച്വറി നേട്ടം ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ഒരു താരം. എന്നാല്‍ ഏറെക്കാലമായി ആ യുവതാരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നില്ല. ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഒരൊറ്റ ചോദ്യമാണ് ഉയരുന്നത്. തിരിച്ചുവരവിന് കഴിയുമോ ഇഷാന്‍ കിഷന്.

2016ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനായി അരങ്ങേറിയ താരം. 2018 മുതല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ഇഷാന്‍ കിഷന്‍. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുമായി ഇഷാന്‍ മുംബൈ ഇന്ത്യന്‍സില്‍ സാന്നിധ്യം ഉറപ്പിച്ചു. 2022ലെ ഐപിഎല്ലിന് മുമ്പായുള്ള മെഗാലേലത്തിലെ വിലയേറിയ താരമായി. 15.25 കോടി രൂപയ്ക്ക് അന്ന് ഇഷാനെ മുംബൈ തിരിച്ചുപിടിച്ചു. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍ ഇഷാന് ഇന്ത്യന്‍ ടീമിലും അവസരങ്ങള്‍ നല്‍കി. ഡല്‍ഹിയിലെ വാഹനാപകടം ഇന്ത്യന്‍ ക്രിക്കറ്റില്‍ റിഷഭ് പന്തിന്റെ സാന്നിധ്യം നഷ്ടമാക്കിയ സമയത്ത്, പന്തിന്റെ പകരക്കാരനായി ഇഷാന്‍ ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു.

2022ല്‍ ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി ഇഷാന്‍. ഒരു വര്‍ഷത്തിന് ശേഷം സഹതാരം ശുഭ്മന്‍ ഗില്‍ ഈ റെക്കോര്‍ഡ് തിരുത്തിയെഴുതിയെന്ന് മാത്രം. 2023 ഏകദിന ലോകകപ്പിലുള്‍പ്പടെ ഇഷാന് അവസരം ലഭിച്ചു. എന്നാല്‍ ആ ലോകകപ്പിന് പിന്നാലെയാണ് ഇഷാന്റെ കരിയര്‍ മാറിമറിഞ്ഞത്.

ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെയും ഇഷാന്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു. തുടര്‍ച്ചയായ മത്സരങ്ങള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേള വേണമെന്ന് ഇഷാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനോടൊപ്പം കളിക്കാന്‍ ബിസിസിഐ ഇഷാന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ജാര്‍ഖണ്ഡിലേക്കല്ല, ഐപിഎല്‍ പരിശീലനത്തിനായി ബറോഡയിലേക്കാണ് കിഷന്‍ പോയത്. ബിസിസിഐയുടെ മുഖം കറുത്തു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ മടിച്ച ശ്രേയസ് അയ്യരിനൊപ്പം ഇഷാന്‍ കിഷന്റെയും ബിസിസിഐ കരാര്‍ റദ്ദാക്കപ്പെട്ടു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎല്‍ ചാംപ്യന്മാരാക്കി ശ്രേയസ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മടങ്ങിയെത്തി. ടെസ്റ്റില്‍ റിഷഭ് പന്തും ഏകദിനത്തില്‍ കെ എല്‍ രാഹുലും ട്വന്റി 20യില്‍ സഞ്ജു സാംസണും ഇന്ത്യയുടെ വിക്കറ്റ് കീപ്പറുമാരായി. ഇഷാനെ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ചിന്തിക്കുന്നുപോലുമില്ല. പിന്നാലെ മുംബൈ ഇന്ത്യന്‍സിനും ഇഷാനെ നിലനിര്‍ത്താനായില്ല. എങ്കിലും ഇഷാന്റെ താരമൂല്യം കുറഞ്ഞിട്ടില്ലെന്ന സൂചനകള്‍ ഇത്തവണത്തെ ഐപിഎല്‍ മെഗാലേലത്തില്‍ ലഭിച്ചു. മുംബൈയ്ക്കും പഞ്ചാബിനും ഡല്‍ഹിക്കും മുകളിലായിരുന്നു ഹൈദരാബാദ് ഇഷാനെ വിളിച്ചെടുത്തത്. 11.25 കോടി രൂപയ്ക്കായിരുന്നു ഇഷാനെ സണ്‍റൈസേഴ്‌സ് കളത്തിലെത്തിച്ചത്.

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍, ട്വന്റി 20 ക്രിക്കറ്റിന്റെ നിര്‍വചനം മാറ്റിയെഴുതിയ താരങ്ങള്‍ക്കൊപ്പമാണ് ഇഷാന്‍ കളിക്കാനൊരുങ്ങുന്നത്. അഭിഷേകിനെയും നിതീഷിനെയും ഇന്ത്യന്‍ ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സെന്ന നായകന്‍. 26 വയസ് മാത്രമുള്ള താരത്തിന്റെ അത്രവേ​ഗം അങ്ങ് തീർന്നാലോ? ഇഷാന്റെ തിരിച്ചുവരവിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.

Content Highlights: Back to Back fifties in SRH camp, Ishan hopes India return

dot image
To advertise here,contact us
dot image