
സ്പാനിഷ് ലാ ലീഗ ഫുട്ബോളിൽ എഫ് സി ബാഴ്സലോണയ്ക്ക് ആവേശ ജയം. അത്‍ലറ്റികോ ഡി മാഡ്രിഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. അത്‍ലറ്റികോ മാഡ്രിഡിന്റെ സ്വന്തം തട്ടകമായ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിൽ 70-ാം മിനിറ്റിൽ 0-2 എന്ന നിലയിൽ പിന്നിലായതിന് ശേഷമാണ് കറ്റാലൻ സംഘത്തിന്റെ തിരിച്ചുവരവ്. വിജയത്തോടെ ലാ ലീഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്താനും ബാഴ്സയ്ക്ക് സാധിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിലാണ് മികവ് കാട്ടിയത്. ആദ്യ ഗോളിന് 45-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. അന്റോണിയോ ഗ്രീസ്മാന്റെ പാസ് ജൂലിയാനോ സിമിയോണി, ഹൂലിയൻ ആൽവരസിന് കൈമാറി. സീസണിൽ എട്ടാം തവണയാണ് ആൽവരസ് അത്‍ലറ്റികോയ്ക്കായി ആദ്യ ഗോൾ നേടുന്നത്. ബാഴ്സയ്ക്കായി ഒമ്പത് തവണ ആദ്യ ഗോൾ നേടിയ റോബർട്ട് ലെവൻഡോവ്സ്കിയാണ് ഈ നേട്ടത്തിൽ മുന്നിൽ.
70-ാം മിനിറ്റിൽ അലക്സാണ്ടർ ഷോറോലോത്ത് അത്‍ലറ്റികോയെ വീണ്ടും മുന്നിലെത്തിച്ചു. മത്സരത്തിന്റെ ഭൂരിഭാഗം സമയം പിന്നിടുമ്പോഴാണ് അത്‍ലറ്റികോ 2-0ത്തിന് മുന്നിലെത്തിയത്. പകരക്കാരന്റെ ബെഞ്ചിൽ നിന്നെത്തി ലാ ലീഗ സീസണിൽ എട്ടാമെത്ത ഗോളാണ് ഷോറോലോത്ത് വലയിലാക്കിയത്. ആകെ നേടിയത് 11 ഗോളുകളും.
ബാഴ്സയുടെ ടീം സ്പിരിറ്റ് അവിടെ തുടങ്ങുകയായിരുന്നു. 72-ാം മിനിറ്റിൽ ഇനിഗോ മാർട്ടിനസിന്റെ അസിസ്റ്റ് സൂപ്പർതാരം റോബർട്ട് ലെവൻഡോവ്‌സ്‌കി ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ വലയിലാക്കി. 78ാം മിനിറ്റിൽ റഫിന്യയുടെ ക്രോസ് ഹെഡറിലൂടെ വലയിലാക്കി ഫെറാൻ ടോറസ് ബാഴ്‌സയെ ഒപ്പമെത്തിച്ചു.
90 മിനിറ്റും കടന്നപ്പോൾ സ്കോർ 2-2 എന്ന നിലയിലായിരുന്നു. അപ്പോഴാണ് ലമീൻ യമാലിന്റെ ഗോൾ പിറന്നത്. ബോക്സിന് പുറത്തുവെച്ച് പെഡ്രിയുടെ പാസ് സ്വന്തമാക്കിയ ലമീൻ യമാൽ ഗോൾവല ലക്ഷ്യമാക്കി ഷോട്ടെടുത്തു. അത്‍ലറ്റികോ പ്രതിരോധ താരം റെയ്‌നിൽഡോ മാൻഡവയുടെ ശരീരത്തിൽ തട്ടിയ പന്ത് ജാൻ ഒബ്ലാക്കിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വലയിലെത്തി. 98ാം മിനിറ്റിൽ ഫെറാൻ ടോറസ് വീണ്ടുമൊരു ഗോൾ വലയിലാക്കി. ഇതോടെ 4-2ന് ബാഴ്സലോണയുടെ വിജയം.
ലാ ലീഗ സീസണിൽ ആദ്യ ഏഴ് മത്സരങ്ങളും വിജയിച്ചാണ് ബാഴ്സലോണ തുടങ്ങിയത്. പോയിന്റ് ടേബിളിലും ബാഴ്സയ്ക്ക് ഏറെ മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ബാഴ്സയ്ക്ക് പോയിന്റ് ടേബിളിലെ ആധിപത്യം നിലനിർത്താൻ കഴിഞ്ഞില്ല. ഇതോടെ ടേബിളിൽ മൂന്നാം സ്ഥാനത്തേയ്ക്ക് ബാഴ്സയ്ക്ക് ഇറങ്ങേണ്ടിവന്നു. എന്നാൽ കഴിഞ്ഞ ഏഴ് മത്സരങ്ങളിലെ തുടർവിജയങ്ങൾ ഹാൻസി ഫ്ലിക്കിന്റെ സംഘത്തിന് പോയിന്റ് ടേബിളിൽ നേരിയ മുൻതൂക്കം നൽകിയിരിക്കുകയാണ്.
Content Highlights: Yamal, Ferran score in added time to help Barcelona beat Atletico Madrid 4-2