
യുവേഫ നേഷൻസ് ലീഗ് ആദ്യ പാദം ക്വാർട്ടർ ഫൈനലിൽ ഇറ്റലിയെ തോൽപ്പിച്ച് ജർമനി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജർമ്മൻ വിജയം. ഒമ്പതാം മിനിറ്റിൽ സാൻഡ്രോ ടോനാലിയുടെ ഗോളിലാണ് ഇറ്റലി മുന്നിലെത്തിയത്. 43-ാം മിനിറ്റിൽ ടിം ക്ലീൻഡിയൻസ്റ്റ്, 76-ാം മിനിറ്റിൽ ലിയോൺ ഗൊരെത്സകെ എന്നിവരുടെ ഗോളിൽ ജർമ്മൻ സംഘം വിജയം സ്വന്തമാക്കുകയായിരുന്നു.
നിലവിലെ ചാംപ്യന്മാരായ സ്പെയിൻ ക്വാർട്ടർ ആദ്യ പാദത്തിൽ സമനിലയിൽ കുരുങ്ങി. നിലവിലെ റണ്ണർ അപ്പുകളായ നെതർലാൻഡ്സിനോടായിരുന്നു സ്പെയിൻ സമനിലയിൽ കുരുങ്ങിയത്. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. കോഡി ഗാക്പോ, തിജ്ജനി റെയ്ൻഡേഴ്സ് എന്നിവർ നെതർലാൻഡ്സിനായി വലകുലുക്കി. നിക്കോ വില്യംസും മൈക്കൽ മെറീനയുമാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്.
ഡെൻമാർക്കിനോട് എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗൽ പരാജയപ്പെട്ടു. റാസ്മസ് ഹോയ്‌ലൻഡ് ആണ് ഡെൻമാർക്കിനായി വിജയഗോൾ നേടിയത്. ക്രൊയേഷ്യയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് പരാജയപ്പെട്ടത്. 26-ാം മിനിറ്റിൽ ആൻഡെ ബുഡിമിർ, ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ 46-ാം മിനിറ്റിൽ ഇവാൻ പെരിസിക് എന്നിവർ ക്രൊയേഷ്യയ്ക്കായി ലക്ഷ്യം കണ്ടു.
Content Highlights: Germany won, Portugal, France suffer defeats in Nations League