
ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയയെ തകർത്ത് ബ്രസീൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിയൻ വിജയം. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 99-ാം മിനിറ്റിലാണ് സമനിലയെന്ന് കരുതിയ മത്സരം ബ്രസീലിന്റെ വിജയമായി തിരുത്തിയെഴുതിയത്. വിനിഷ്യസ് ജൂനിയറാണ് 99-ാം മിനിറ്റിൽ കാനറികൾക്കായി വലചലിപ്പിച്ചത്. വിജയത്തോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനും ബ്രസീലിന് കഴിഞ്ഞു.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. പെനാൽറ്റി അവസരം ഗോളാക്കി മാറ്റി റഫിന്യയാണ് കാനറികൾക്കായി വലചലിപ്പിച്ചത്. വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിനാണ് ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. എന്നാൽ 41-ാം മിനിറ്റിൽ ലൂയിസ് ഡയസ് കൊളംബിയയ്ക്കായി സമനില കണ്ടെത്തി. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പിരിഞ്ഞു.
രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും വലചലിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ 99-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ബ്രസീലിന്റെ രക്ഷകനായി. 99-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു തകർപ്പൻ ഷോട്ട് കൊളംബിയൻ പ്രതിരോധം മറികടന്ന് വലയിലെത്തി. യോഗ്യത റൗണ്ടിൽ 13 മത്സരങ്ങളിൽ ആറ് വിജയം നേടി 21 പോയിന്റുള്ള ബ്രസീൽ പോയിന്റ് ടേബിളിൽ രണ്ടാമതാണ്. അർജന്റീനയാണ് ഒന്നാമത്.
Content Highlights: Late Vinicius goal gives BRA 2-1 win over COL