അല്‍മാഡ അര്‍മാദം! ഉറുഗ്വേയ്‌ക്കെതിരെ ഉജ്ജ്വല വിജയവുമായി അര്‍ജന്റീന

യുവതാരം തിയാഗോ അല്‍മാഡയാണ് ആല്‍ബിസെലസ്റ്റുകള്‍ക്ക് വേണ്ടി വലകുലുക്കിയത്

dot image

ഉറുഗ്വേയ്‌ക്കെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഉജ്ജ്വല വിജയവുമായി അര്‍ജന്റീന. ലാറ്റിന്‍ അമേരിക്കാ യോഗ്യതാ റൗണ്ടില്‍ ക്യാപ്റ്റന്‍ മെസ്സിയില്ലാതെ ഇറങ്ങിയ നീലപ്പട ഒരു ഗോളിനാണ് ഉറുഗ്വേയെ തകര്‍ത്തത്. കരുത്തരായ ഉറുഗ്വേയ്‌ക്കെതിരെ നേടിയ വിജയത്തോടെ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിന് തൊട്ടരികിലാണ് നിലവിലെ ചാംപ്യന്മാര്‍.

യുവതാരം തിയാഗോ അല്‍മാഡയാണ് ആല്‍ബിസെലസ്റ്റുകള്‍ക്ക് വേണ്ടി വലകുലുക്കിയത്. മത്സരത്തിന്റെ 68-ാം മിനിറ്റില്‍ വിജയഗോള്‍ പിറന്നു. ജൂലിയന്‍ അല്‍വാരസിന്റെ അസിസ്റ്റിലാണ് അല്‍മാഡ അത്ഭുതകരമായി ഗോളടിച്ചത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ നികോളാസ് ഗോണ്‍സാലസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. ഉറുഗ്വേയുടെ നഹിതന്‍ നാന്‍ഡസിനെതിരെ ഫൗള്‍ ചെയ്തതിനാണ് ഗോണ്‍സാലസിനെതിരെ റഫറി റെഡ് കാര്‍ഡ് ശിക്ഷ നല്‍കിയത്. അവസാന രണ്ട് മിനിറ്റുകളില്‍ അര്‍ജന്റീന പത്ത് പേരായി ചുരുങ്ങിയെങ്കിലും വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അർജന്റീന. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനേക്കാൾ ആറ് പോയിന്റ് മുന്നിലാണ് നീലപ്പട. അടുത്തതായി ചിരവൈരികളായ ബ്രസീലിനെതിരെയാണ് അർജന്റീനയുടെ പോരാട്ടം. മാർച്ച് 26ന് നടക്കുന്ന മത്സരത്തിൽ മെസ്സി തുടർച്ചയായ പരിക്ക് കാരണം ബ്രസീലിന് എതിരെയും കളിക്കില്ല. പരിക്ക് കാരണം നെയ്മറും അർജന്റീനയ്ക്കെതിരായ ബ്രസീലിയൻ നിരയിലുണ്ടായിരിക്കില്ല.

Content Highlights: Argentina Beats Uruguay: Thiago Almada stunner takes Argentina on the verge of World Cup Qualification

dot image
To advertise here,contact us
dot image