ബ്രസീലിനെ ഗോള്‍മഴയില്‍ മുക്കി; രാജകീയമായി അര്‍ജന്റീന ലോകകപ്പ് വേദിയിലേക്ക്‌

ബ്രസീലിനെതിരായ മത്സരം അവസാനിക്കുന്നതിന് മുൻപേ അർജന്റീന ലോകകപ്പിന് യോ​ഗ്യത നേടിയിരുന്നു

dot image

ചിരവൈരികളായ ബ്രസീലിനെ തകർത്ത് 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് ബ്രസീലിനെ അർജന്റീന തകർത്തെറിഞ്ഞത്. ആദ്യപകുതിയിൽ ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റർ എന്നിവരും രണ്ടാം പകുതിയിൽ ജൂലിയാനോ സിമിയോണിയും ആതിഥേയർക്കു വേണ്ടി ഗോളുകൾ നേടിയപ്പോൾ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ഫിഫ ലോകകപ്പിന്റെ തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടിലാണ് ചിരവൈരികളായ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ എത്തിയത്. സൂപ്പർ താരം ലയണൽ‌ മെസ്സി ഇല്ലാതെ ഇറങ്ങിയിട്ടുപോലും ഏകപക്ഷീയമെന്ന് പറയാവുന്ന മത്സരമാണ് അര്‍ജന്റീന കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ അര്‍ജന്റീന ലീഡ് നേടുകയായിരുന്നു. അതിനുശേഷം മത്സരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ആൽബിസെലസ്റ്റുകൾ ഏറ്റെടുക്കുകയായിരുന്നു.

നാലാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസ് ആണ് അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ അർജന്റീന ലീ​ഡ് ഇരട്ടിയാക്കി. പിന്നാലെ 27-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞയിലൂടെ ബ്രസീല്‍ ഒരുഗോള്‍ മടക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപായി 37-ാം മിനിറ്റില്‍ അലെക്‌സിസ് മാക് അലിസ്റ്റര്‍ അര്‍ജന്റീനയുടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. രണ്ടാ പകുതിയിൽ 71-ാം മിനിറ്റില്‍ ജുലിയാനോ സിമിയോനെ കൂടെ ​ഗോൾ നേടിയതോടെ അർജന്റീന 4-1ന്റെ വിജയം ഉറപ്പിച്ചു.

അതേസമയം ബ്രസീലിനെതിരായ മത്സരം അവസാനിക്കുന്നതിന് മുൻപേ അർജന്റീന ലോകകപ്പിന് യോ​ഗ്യത നേടിയിരുന്നു. ഉറു​ഗ്വേ-ബൊളീവിയ ലോകകപ്പ് യോ​ഗ്യതാ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോ​ഗ്യത നേടിയത്.

Content Highlights: FIFA World Cup Qualifier 2026: Argentina Demolish Brazil 4-1 In One-Sided FIFA World Cup 2026 Qualifier

dot image
To advertise here,contact us
dot image