'ഇനി അവര്‍ ഞങ്ങളെ ബഹുമാനിക്കട്ടെ!'; ബ്രസീലിനെതിരായ വിജയത്തിന് ശേഷം റോഡ്രിഗോ ഡി പോള്‍

ബ്രസീല്‍ താരം റാഫീഞ്ഞയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഡി പോളിന്റെ പ്രതികരണത്തെ ആരാധകര്‍ കാണുന്നത്

dot image

ഫിഫ 2026 ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചിരവൈരികളായ ബ്രസീലിനെതിരെ ഗംഭീര വിജയം നേടിയിരിക്കുകയാണ് അര്‍ജന്റീന. ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകർത്ത നിലവിലെ ചാമ്പ്യന്മാര്‍ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു. പിന്നാലെ മത്സരത്തിന് മുമ്പ് റാഫീഞ്ഞയടക്കമുള്ള ബ്രസീലിയന്‍ താരങ്ങള്‍ അര്‍ജന്റീനിയന്‍ ടീമിനെ ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസ്താവനകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

ഇതിനിടെ ബ്രസീലിനെതിരെ നേടിയ ഉജ്ജ്വല വിജയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അര്‍ജന്റൈന്‍ താരം റോഡ്രിഗോ ഡി പോള്‍. ഇനി അവര്‍ തങ്ങളെ ബഹുമാനിക്കട്ടെയെന്നാണ് ഡി പോള്‍ പറയുന്നത്. കഠിനാധ്വാനത്തിലൂടെയും വിജയത്തിലൂടെയുമാണ് അര്‍ജന്റീന അവര്‍ക്കുള്ള ബഹുമാനം നേടിയെടുത്തതെന്നും ഡി പോള്‍ പറഞ്ഞു.

'മത്സരത്തിന് മുമ്പ് ഞങ്ങള്‍ ആരെയും പുച്ഛിക്കാറില്ല. അനാദരവ് കാണിക്കാറില്ല. ഈ വര്‍ഷങ്ങളിലെല്ലാം ഞങ്ങളോട് പലരും വളരെയധികം അനാദരവ് കാണിച്ചിട്ടുമുണ്ട്. ആരും ഞങ്ങളെ സഹായിച്ചില്ല. ഇന്നുള്ളതെല്ലാം ഞങ്ങള്‍ എല്ലാം സ്വന്തമായി നേടിയെടുത്തതാണ്. ഞങ്ങള്‍ അത് തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു', ഡി പോള്‍ പറഞ്ഞു.

'കഴിഞ്ഞ ആറ് വര്‍ഷമായി ഞങ്ങളാണ് ഏറ്റവും മികച്ച ദേശീയ ടീം. അവര്‍ ഞങ്ങളെ ബഹുമാനിക്കട്ടെ', ഡി പോള്‍ പറഞ്ഞു. ബ്രസീല്‍ താരം റാഫീഞ്ഞയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ആരാധകര്‍ ഡി പോളിന്റെ പ്രതികരണത്തെ കാണുന്നത്. അര്‍ജന്റീനയെ കളത്തിലും പുറത്തും പരാജയപ്പെടുത്തുമെന്നായിരുന്നു മത്സരത്തിന് മുന്‍പ് റാഫീഞ്ഞ പറഞ്ഞത്.

Content Highlights: “Let them respect us”, Argentina's Rodrigo De Paul after Victory against Brazil

dot image
To advertise here,contact us
dot image