
ഐ എസ് എൽ ആദ്യ പാദ സെമിയിൽ എഫ്‌സി ഗോവയെ രണ്ടുഗോളിന് തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഡ്ഗർ മെന്ഡസ് ബെംഗളൂരുവിന് വേണ്ടി ഗോൾ നേടി. 51-ാം മിനിറ്റിലായിരുന്നു ഗോൾ. ഇതുകൂടാതെ 42-ാം മിനിറ്റിൽ ഗോവൻ പ്രതിരോധ താരമായ സന്ദേശ് ജിങ്കന്റെ സെൽഫ് ഗോളും ബെംഗളൂരുവിന് അനുഗ്രഹമായി. ഏപ്രിൽ ആറിന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് രണ്ടാം പാദ മത്സരം.
48 പോയിന്റുമായി പോയിന്റ് ടേബിളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ എഫ്‌സി ഗോവ നേരിട്ട് സെമിഫൈനലിൽ പ്രവേശിച്ചപ്പോൾ, മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ പ്ലെ ഓഫിൽ 5-0 ന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു സെമിയിലെത്തിയിരുന്നത്. ജംഷഡ്പൂർ എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് എന്നിവർ തമ്മിലാണ് ഈ സീസണിലെ മറ്റൊരു സെമിപോരാട്ടം. ആദ്യ പാദം നാളെ നടക്കും.
Content Highlights: Bengaluru FC beat FC GOA in ISL semifinal first leg