
കോൺകകാഫ് ചാംപ്യൻസ് കപ്പ് ഫുട്ബോളിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമി സെമിയിൽ. ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ലോസ് ഏയ്ഞ്ചൽസ് എഫ് സിയെ 3-1 ന് തോൽപ്പിച്ചാണ് ഇന്റർ മയാമിയുടെ സെമി പ്രവേശനം. ആദ്യ പാദ ക്വാർട്ടറിൽ 0-1ന് ലോസ് എയ്ഞ്ചൽസിനായിരുന്നു വിജയം. ഇതോടെ രണ്ട് പാദങ്ങളിലുമായി 3-2നാണ് ഇന്റർ മയാമി വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ആരോൺ ലോങ്ങിൻ്റെ ഗോളിലൂടെ ഇന്റർ മയാമി പിന്നിലായിരുന്നു. എന്നാൽ ഇതിഹാസ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്റർ മയാമി തിരിച്ചുവരികയായിരുന്നു. 35-ാം മിനിറ്റിൽ മെസ്സിയിലൂടെ മയാമി സമനില ഗോൾ നേടി. പിന്നാലെ 61-ാം മിനിറ്റിൽ നോഹ അലൻ മയാമിക്കായി ലീഡ് നേടിയെടുത്തു.
ഒടുവിൽ 84-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം കൃത്യമായി വലയിലെത്തിച്ച് ലയണൽ മെസ്സി തന്നെ മയാമിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
Content Highlights: Lionel Messi nets two goals to power Inter Miami comeback to reach CONCACAF Champions Cup semis