
കോപ്പ ഡെൽ റെ ഫുട്ബോൾ ഫൈനലിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ബാഴ്സലോണ താരം ലമീൻ യമാൽ. 'മത്സരത്തിൽ റയൽ ഒരു ഗോൾ കൂടി നേടിയിരുന്നെങ്കിൽ ഒരു പ്രശ്നവുമില്ലായിരുന്നു. രണ്ട് ഗോൾ നേടിയാലും പ്രശ്നമില്ലായിരുന്നു. ഈ വർഷം റയൽ മാഡ്രിഡിന് ബാഴ്സയെ തോൽപ്പിക്കാൻ കഴിയില്ല. ഇക്കാര്യം ഞങ്ങൾ തെളിയിച്ചുകഴിഞ്ഞു. അതിൽ ഞാൻ ഏറെ സന്തോഷവാനാണ്.' ലമീൻ യമാൽ പ്രതികരിച്ചു.
ചിരവൈരികളായ റയൽ മാഡ്രിഡിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് എഫ് സി ബാഴ്സലോണ 32-ാം കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയത്. സ്പെയ്നിലെ സെവിയയ്യിൽ നടന്ന പോരാട്ടത്തിന്റെ നിശ്ചിത 90 മിനിറ്റുകൾ അവസാനിക്കുമ്പോൾ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചു. ഇതോടെ എക്സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിന്റെ 116-ാം മിനിറ്റിൽ ജുല്‍സ് കുന്‍ഡെ ബാഴ്സയ്ക്കായി വലകുലുക്കി. പെഡ്രി, ഫെറാൻ ടോറസ് എന്നിവർ ബാഴ്സയ്ക്കായി ആദ്യ രണ്ട് ഗോളുകൾ വലയിലെത്തിച്ചു. കിലിയൻ എംബാപ്പെയും ഒറേലിയാന്‍ ച്യുവമേനിയുമാണ് റയലിനായി ഗോളുകൾ നേടിയത്.
ഈ സീസണിൽ ഇത് മൂന്നാം തവണയാണ് ബാഴ്സലോണ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തുന്നത്. മുമ്പ് ലാ ലീഗയിലും സൂപ്പർ കോപ്പ ഫൈനലിലും ബാഴ്സലോണ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു. മെയ് 11ന് ലാ ലീഗ രണ്ടാം ഘട്ടത്തിൽ ബാഴ്സ വീണ്ടും റയലിനെ നേരിടും.
Content Highlights: This year, they simply can’t beat us: Lamine Yamal