സംസ്ഥാന സ്‌കൂൾ കായികമേളയുടെ രണ്ടാം ദിനത്തിലാണ് കാണികളെ കരയിപ്പിച്ച ഒരു മെഡൽ നേട്ടമുണ്ടാകുന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനത്തിൽ തിരുവനന്തപുരം എം വി എച്ച് എസ് എസ് വിദ്യാര്‍ത്ഥിയായ തീർത്ഥു സാമദേവ് മീറ്റ് റെക്കോർഡോടെ സ്വർണം നേടിയപ്പോൾ വിദ്യാർഥിയെ അഭിനന്ദിക്കണോ ആശ്വസിപ്പിക്കാനോ എന്ന മനോവൃഥത്തിലായി സംഘാടകരും. കാരണം പിതാവിന്റെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് തീർത്ഥു നീന്തൽ ട്രാക്കിലേക്കെത്തുന്നത്.
തീർത്ഥുവിന്റെ അച്ഛൻ ഫ്രൂട്ട്സ് കച്ചവടക്കാരനായ ചിന്നറാവു മൂന്ന് ദിവസം മുമ്പായിരുന്നു ആന്ധ്രപ്രദേശിലെ വിജയവാഡയിൽ കാറിടിച്ച് മരിച്ചത്. അപകട വിവരമറിഞ്ഞ് മീറ്റിനായുള്ള പരിശീലനത്തിനായിരുന്ന തീർത്ഥുവും അനുജൻ യത്നസായിയും അമ്മ നവ്യ ദീപികക്കൊപ്പം നാട്ടിലേക്ക് കുതിച്ചെങ്കിലും കാണാനായത് അച്ഛന്റെ ചേതനയറ്റ ശരീരമാണ്. അന്ത്യ കർമ്മങ്ങൾക്കായി അനുജൻ യത്നസായിയെ ചുമതലപ്പെടുത്തി തീർത്ഥുവും അമ്മയും തിങ്കളാഴ്ച കേരളത്തിലെത്തി. വേദനക്കിടയിലും മത്സരിച്ച് മീറ്റ് റെക്കോർഡോടെ സ്വർണം നേടി. നിലവിലുള്ള വേഗതയായ 4.19.76 മിനിറ്റ് മറികടന്നാണ് പുതിയ റെക്കോർഡായ 4.16.25 ലേക്ക് നീന്തിക്കയറിയത്.
ആ മെഡലിലും മീറ്റർ റെക്കോഡിലുമവസാനിച്ചില്ല അച്ഛനുള്ള മകന്റെ അന്തിമോപചാരം. ശേഷം ഇന്നലെ നടന്ന 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിലും 800 മീറ്റർ ഫ്രീസ്‌റ്റൈൽ വിഭാഗത്തിലും മീറ്റ് റെക്കോർഡോടെ തന്നെ തീർത്ഥു സ്വർണം നേടി. ശേഷം അച്ഛന്റെ മരണശേഷമുള്ള ബാക്കി ചടങ്ങുകൾക്കായി അമ്മയ്ക്കൊപ്പം സ്വന്തം നാടായ ആന്ധ്രയിലെ വിജയവാഡയിലേക്ക് ഇന്ന് തീർത്ഥുവും അമ്മയും തിരിച്ചു.
Content Highlights: Kerala school sports meet; Teerthu Samaved win hatrick gold and meet record