കൂട്ടുകാരിയുടെ ബൂട്ട് കടം വാങ്ങിയെത്തി സംസ്ഥാന സ്കൂൾ കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിൽ 100 മീറ്റർ സ്വർണ്ണം നേടിയ അനീഷയ്ക്ക് രണ്ട് സെറ്റ് ബൂട്ടുകൾ സമ്മാനമായി ലഭിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സക്ഷമ പാലക്കാട് ജില്ലാ സമിതിയും തിരുനെല്ലായ് ദിശ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് അനീഷയ്ക്ക് ബൂട്ട് വാങ്ങി നൽകിയത്. റിപ്പോർട്ടർ ടി വി നൽകിയ വാർത്തയെ തുടർന്നാണ് അനീഷയ്ക്ക് ബൂട്ട് സമ്മാനിച്ചത്.
പരിശീലനത്തിനും മത്സരത്തിനും പ്രത്യേകം ഉപയോഗിക്കുന്ന രണ്ട് സെറ്റ് ബൂട്ടാണ് അനീഷയ്ക്ക് നൽകിയത്. സക്ഷമ പാലക്കാട് ജില്ലാ ജോയിൻ്റ് സെക്രട്ടറി വി സതീഷ്, ദിശ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് എ സുമേഷ്, പ്രവർത്തകരായ സുരേന്ദ്രൻ, ശരവണൻ എന്നിവരും പങ്കെടുത്തു.
ഭിന്നശേഷി വിഭാഗത്തിൽ 14 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ മത്സരത്തിലാണ് പാലക്കാടിന്റെ കെ അനീഷ സ്വർണം നേടിയത്. സുഹൃത്തിന്റെ ബൂട്ട് കടം വാങ്ങി സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കാനെത്തി സ്വർണം കരസ്ഥമാക്കിയ അനീഷയുടെ വാർത്ത കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടർ ടിവി വാർത്ത നൽകിയത്.
ജന്മനാ കാഴ്ച പരിമിതിയുള്ള കുട്ടിയാണ് അനീഷ. ശസ്ത്രക്രിയയിലൂടെ 75 ശതമാനം കാഴ്ച ശക്തി വീണ്ടെടുക്കാനായി. കാഴ്ചപരിമിതിയുള്ളവരുടെ തന്നെ കാഴ്ച്ചാ തോതുകൾ വ്യത്യസ്തമായതിനാൽ മത്സരത്തിൽ തുല്യത വരുത്താൻ എല്ലാവരുടെയും കണ്ണ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയാണ് ഓട്ടമത്സരം നടത്തുക.
ഗൈഡ് റണ്ണറായി ഒരാൾ ഇവരുടെ കൂടെയുണ്ടാകും. മത്സരാർഥിയുടെ കൈ, ഗൈഡ് റണ്ണറുടെ കൈയിൽ കൂട്ടിക്കെട്ടിയാണ് ഓട്ടമത്സരം നടത്തുക. എസ് അബിനയാണ് അനിഷക്കായി ഗൈഡ് റണ്ണറായി ഓടിയത്. സ്വന്തമായി ഒരു ബൂട്ടാണ് തന്റെ ലക്ഷ്യമെന്നും പഠിച്ചു വളർന്ന് കുടുംബത്തെ നന്നായി നോക്കാനാണ് സ്വപ്നം കാണുന്നതെന്നും അനീഷ പറഞ്ഞു.
Content Highlights: Reporter Impact: Boot sets gifted for Kerala state sports meet winner