ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്‌

ബ്രിജ് ഭൂഷണെതിരായ ​ഗുസ്തി താരങ്ങളുടെ സമരങ്ങളിൽ മുന്നിലുണ്ടായിരുന്ന താരമായിരുന്നു പുനിയ

dot image

ഇന്ത്യൻ ഗുസ്തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌‌റം​ഗ് പുനിയയ്ക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയാണ് (നാഡ) താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനയ്ക്ക് വിസമ്മതിച്ചെന്നും പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 23 മുതല്‍ നാല് വര്‍ഷത്തേക്കാണ് വിലക്ക്. നടപടി നേരിട്ടതിനാൽ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന്‍ ആകാനോ പുനിയയ്ക്ക് സാധിക്കില്ല.

മാർച്ച് 10 ന് നടന്ന ദേശീയ ടീം സെലക്ഷൻ ട്രയൽസിൽ സാമ്പിൾ സമർപ്പിക്കാനാണ് പുനിയ വിസമ്മതിച്ചത്. കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കി എന്ന കാരണത്താലാണ് സാമ്പിള്‍ കൈമാറാന്‍ വിസമ്മതിച്ചതെന്ന് പുനിയ അറിയിച്ചു. പരിശോധനയ്ക്ക് തയ്യാറാണെന്നും കിറ്റുകളില്‍ വ്യക്തത വേണമെന്നും പുനിയ നാഡയെ അറിയിച്ചിരുന്നു.

ഏപ്രില്‍ 23 ന് പുനിയയെ നാഡ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആഗോളതലത്തിലുള്ള സംഘടനയായ യുഡബ്ല്യുഡബ്ല്യുയും താരത്തെ സസ്‌പെന്‍ഡ് ചെയ്തു. ദേശീയ ഏജന്‍സിയുടെ സസ്പെന്‍ഷനെതിരെ പുനിയ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീലിനെ തുടർന്ന് മെയ് 31 ന് സസ്​പെൻഷൻ റദ്ദാക്കി. എന്നാല്‍ ഒടുവിൽ വാദം കേട്ട ശേഷമാണ് നാല് വർഷത്തേക്ക് സസ്​പെൻഡ് ചെയ്യാൻ നാഡ തീരുമാനിച്ചത്.

നേരത്തെ ബ്രിജ് ഭൂഷണിനെതിരായ ​ഗുസ്തി താരങ്ങളുടെ സമരങ്ങളിൽ മുന്നിലുണ്ടായിരുന്ന താരമായിരുന്നു പുനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേര്‍ന്നിരുന്നു.

Content Highlights: Bajrang Punia faces 4-year suspension by NADA for violating anti-doping code

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us