ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനതാരമായി മാറിയ ഡി ഗുകേഷിന് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. അഞ്ച് കോടി രൂപയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന് തമിഴ്‌നാട് സര്‍ക്കാര്‍ പാരിതോഷികം നല്‍കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വെള്ളിയാഴ്ചയാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
'ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ഡി ഗുകേഷിന്റെ മഹത്തായ നേട്ടത്തെ ആദരിക്കാനായി അഞ്ച് കോടി രൂപ ക്യാഷ് പ്രൈസ് നല്‍കുന്നെന്ന് ഞാന്‍ സന്തോഷത്തോടെ പ്രഖ്യാപിക്കുകയാണ്. അദ്ദേഹത്തിന്റെ ചരിത്രവിജയം രാജ്യത്തിന് അഭിമാനവും സന്തോഷവും നല്‍കിയിരിക്കുകയാണ്. ഭാവിയില്‍ അദ്ദേഹത്തിന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കാനും കഴിയട്ടെ', സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
To honour the monumental achievement of @DGukesh, the youngest-ever World Chess Champion, I am delighted to announce a cash prize of ₹5 crore!
— M.K.Stalin (@mkstalin) December 13, 2024
His historic victory has brought immense pride and joy to the nation. May he continue to shine and achieve greater heights in the… pic.twitter.com/3h5jzFr8gD
ഇന്നലെയാണ് ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ഡി ഗുകേഷ് ലോകചാമ്പ്യനായത്. ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയായാണ് ഗുകേഷ് ചരിത്രം കുറിച്ചത്. 18 വയസ്സ് മാത്രമാണ് ഗുകേഷിൻറെ പ്രായം. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്.
ചെസ് ചാംപ്യൻഷിപ്പിൽ 13 പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ ഗുകേഷും ചൈനയുടെ ഡിങ് ലിറനും 6.5 പോയിന്റ് വീതം സ്വന്തമാക്കി ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ അവസാന പോരാട്ടമായ 14-ാം ഗെയിം വിജയിക്കുന്നവർ ലോക ചാംപ്യൻഷിപ്പ് നേടുമായിരുന്നു. 14-ാം മത്സരത്തിലും ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ അവസാന നിമിഷം ഡിങ് ലിറന്റെ പിഴവ് മുതലെടുത്ത് ഇന്ത്യൻ താരം വിജയിക്കുകയായിരുന്നു.
അവസാന നിമിഷം ലിറന്റെ കൈവശം ഉണ്ടായിരുന്ന തേര് നഷ്ടപ്പെട്ടതോടു കൂടിയാണ് ചൈനീസ് താരം പരാജയത്തിലേക്ക് നീങ്ങിയത്. 14 ഗെയിമുകൾ പൂർത്തിയായപ്പോൾ ഗുകേഷ് 7.5 പോയിന്റും ലിറൻ 6.5 പോയിന്റും എന്ന നിലയിലായി. ഇതോടെയാണ് ഒരു പോയിന്റ് വ്യത്യാസത്തിൽ ഗുകേഷ് ലോക ചാംപ്യനായത്.
Content Highlights: Tamil Nadu announces Rs 5 crore cash prize for D Gukesh after historic World Championship win