പ്രഥമ ഖോ ഖോ ലോകകപ്പിൽ ഇന്ത്യൻ ആധിപത്യം. ഇന്ത്യയുടെ പുരുഷ വനിത ടീമുകൾ ലോകകിരീടം സ്വന്തമാക്കി. പുരുഷ-വനിതാ ഫൈനലുകളിൽ നേപ്പാളായിരുന്നു ഇന്ത്യയുടെ എതിരാളികൾ. പുരുഷന്മാർ 54-36 എന്ന സ്കോറിന് നേപ്പാളിനെ വീഴ്ത്തിയപ്പോൾ വനിതകൾ 78-40 എന്ന സ്കോറിനാണ് വിജയിച്ചത്.
പ്രിയങ്ക ഇംഗ്ലെ നയിച്ച ഇന്ത്യൻ വനിത ടീം ആധികാരികമായാണ് മുന്നേറ്റം നടത്തിയത്. ആദ്യ ടേണിൽ തന്നെ 34 പോയിന്റ് സ്വന്തമാക്കാൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞു. രണ്ടാം ടേണിൽ നേരിയ തിരിച്ചുവരവിന് നേപ്പാൾ ശ്രമം നടത്തി. ആദ്യ പകുതിയിൽ 35-24 എന്ന സ്കോറിലേക്ക് മത്സരം മാറി. എന്നാൽ മൂന്നാം ടേണിൽ വീണ്ടും ഇന്ത്യൻ വനിതകൾ പോരാട്ടം കടുപ്പിച്ചു. 73-24 എന്നായിരുന്നു മൂന്നാം ടേണിലെ സ്കോർ. നാലാം ടേണിൽ 78-40 എന്ന സ്കോറിൽ ഇന്ത്യ ലോകകിരീടവും സ്വന്തമാക്കി.
പുരുഷ സംഘത്തിന്റെ ഫൈനലിൽ ആദ്യ ടേണിൽ ഇന്ത്യ 26-0ത്തിന് ലീഡ് ചെയ്തു. രണ്ടാം ടേണിൽ തിരിച്ചുവന്ന നേപ്പാൾ സ്കോർ 26-18 എന്നാക്കി. എന്നാൽ മൂന്നാം ടേണിൽ ആധിപത്യം തിരികെപിടിച്ച ഇന്ത്യ 54-18 എന്ന് ലീഡ് ഉയർത്തി. അവസാന ടേണിൽ 54-36 എന്ന സ്കോറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
Content Highlights: India clinched inaugural Kho Kho World Cup