നീന്തലില്‍ പൊന്നണിഞ്ഞ് ഹര്‍ഷിതയും സജന്‍ പ്രകാശും; ദേശീയ ഗെയിംസില്‍ കേരളത്തിന് അഞ്ചാം സ്വര്‍ണം

ദേശീയ ഗെയിംസില്‍ അഞ്ച് സ്വര്‍ണവുമായി ഏഴാമതാണ് കേരളം

dot image

ദേശീയ ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് കേരളം. ഉത്തരാഖണ്ഡില്‍ നടന്നുകൊണ്ടിരിക്കുന്ന 38-ാമത് ദേശീയ ഗെയിംസിന്റെ നാലാം ദിനം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ സ്വര്‍ണനേട്ടം അഞ്ചായി ഉയര്‍ന്നിരിക്കുകയാണ്. വനിതാ നീന്തലില്‍ ഹര്‍ഷിത ജയറാം തന്റെ രണ്ടാം സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയപ്പോള്‍ പുരുഷന്മാരുടെ നീന്തലില്‍ സജന്‍ പ്രകാശും സ്വര്‍ണം നേടി.

50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് ഇനത്തിലാണ് ഹര്‍ഷിതയുടെ സുവര്‍ണനേട്ടം. 0.34.14 സെക്കന്‍ഡിലാണ് ഹര്‍ഷിത ഫിനിഷ് ചെയ്തത്. നേരത്തെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ഹര്‍ഷിത സ്വര്‍ണം നേടിയിരുന്നു.

200 മീറ്റര്‍ ബട്ടര്‍ഫളൈ സ്‌ട്രോക്കിലാണ് സജന്‍ പൊന്നണിഞ്ഞത്. ദേശീയ ഗെയിംസില്‍ സജന്റെ മെഡല്‍ നേട്ടം ഇതോടെ മൂന്നായി നേരത്തെ സജന്‍ രണ്ട് വെങ്കലം സ്വന്തമാക്കിയിരുന്നു. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നിവയിലായിരുന്നു സജന്റെ മെഡല്‍ നേട്ടം.

ചൈനീസ് ആയോധന കലയായ വുഷുവില്‍ കേരളത്തിന്റെ മുഹമ്മദ് ജസീലും നാലാം ദിനമായ ശനിയാഴ്ച സ്വര്‍ണം സ്വന്തമാക്കിയിരുന്നു. താവോലു വിഭാഗത്തിലാണ് സ്വര്‍ണനേട്ടം. കഴിഞ്ഞ ദിവസം വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ സുഫ്ന ജാസ്മിന്‍ കേരളത്തിന് സ്വര്‍ണ മെഡല്‍ നേടി തന്നിരുന്നു.

ദേശീയ ഗെയിംസില്‍ അഞ്ച് സ്വര്‍ണവുമായി ഏഴാമതാണ് കേരളം. ഒരു വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പെടെ ഒന്‍പത് മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം.

Content Highlights: Harshitha Jayaram and Sajan Prakash bags gold for Kerala from the National Games swimming pool

dot image
To advertise here,contact us
dot image