
കായിക മന്ത്രി വി അബ്ദുറഹ്‌മാനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി കായിക താരങ്ങൾ. ദേശീയ ഗെയിംസിൽ കേരളം ഹരിയാനയുമായി ഒത്തുകളിച്ച് വെള്ളിമെഡൽ നേടുകയായിരുന്നെന്ന അബ്ദുറഹ്‌മാന്റെ പരാമർശത്തിനെതിരെ ബീച്ച് ഹാൻഡ്ബാൾ താരങ്ങൾ സംസ്ഥാന സ്‌പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധം നടത്തി.
ഒരാഴ്ചക്കുള്ളിൽ മന്ത്രി പരാമർശം പിൻവലിച്ചില്ലെങ്കിൽ മെഡലുകൾ കടലിലെറിയുമെന്ന് ബീച്ച് ഹാൻഡ്ബാൾ വനിത താരങ്ങൾ പറഞ്ഞു. ഇന്നലെ താരങ്ങളും ടീം മാനേജരും അടങ്ങുന്ന സംഘം സ്‌പോർട്സ് കൗൺസിലിന് മുന്നിലെത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു. ദേശീയ ഗെയിംസിന് തയ്യാറെടുക്കാൻ സർക്കാർ പണം തന്നില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെയാണ് ഗെയിംസിന് പോയതെന്നും താരങ്ങൾ ആരോപിച്ചു. ഇതൊക്കെ നിലനിൽക്കെ സ്വന്തം നിലയിൽ കഷ്ടപ്പെട്ട് മെഡൽ നേടിയ താരങ്ങളെ അപമാനിക്കുകയാണ് മന്ത്രി ചെയ്തതതെന്നും താരങ്ങൾ വ്യക്തമാക്കി.
പരമാർശം പിൻവലിച്ചില്ലെങ്കിൽ പരിശീലനം നടത്തിയിരുന്ന ശംഖുംമുഖത്തെ കടപ്പുറത്ത് മെഡൽ ഉപേക്ഷിക്കുമെന്ന് താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ഗെയിംസിലെ ഒരു മത്സര ഇനത്തിൽ ഒത്തുകളിച്ച് കേരളത്തിന് ലഭിക്കേണ്ട സ്വർണമെഡലിന് പകരം വാങ്ങിയ വെള്ളിമെഡൽ തിരിച്ചുകൊടുക്കുന്നതാണ് നല്ലതെന്നായിരുന്നു അബ്ദുറഹ്‌മാന്റെ പരാമർശം.
അതേസമയം ഒത്തുകളി പരാമർശത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കേരള ഒളിമ്പിക് അസോസിയേഷൻ. അസോസിയേഷനുകൾക്ക് സർക്കാർ നൽകിയ പണം ഒരുവിഭാഗം പുട്ടടിച്ചെന്ന പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. പുട്ടടിക്കാൻ എവിടെയാണ് സർക്കാർ പണം നൽകിയത് എന്ന വാദമാണ് കേരള ഒളിമ്പിക് അസോസിയേഷൻ നടത്തുന്നത്.
Content Highlights: kerala National Games players against Sports Minister AbduRahman