
ഇന്ത്യ ആദ്യമായും അവസാനമായും ഒരു ഹോക്കി ലോകകപ്പ് കിരീടം നേടിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്. 1975 മാർച്ച് 15 നായിരുന്നു അജിത് പാൽ സിങ് നയിച്ച നീലപ്പട കിരീടം സ്വന്തമാക്കിയിരുന്നത്. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ പാകിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചായിരുന്നു വിജയം.
എട്ട് ഒളിമ്പിക് ഹോക്കി സ്വർണ മെഡലുകൾ സ്വന്തമായുണ്ടെങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ ഏക ലോകകിരീടമായിരുന്നു അത്. പൂൾ ഘട്ടത്തിൽ ഇംഗ്ലണ്ടിനെ 2-1നും ഘാനയെ 7-0ത്തിനും പശ്ചിമ ജർമനിയെ 3-1നും തോൽപിച്ച ഇന്ത്യ 1-1ന് ആസ്ട്രേലിയയോട് സമനില വഴങ്ങി. ശേഷം 1-2ന് അർജന്റീനയോട് പരാജയപ്പെട്ടെങ്കിലും പൂൾ ജേതാക്കളായി സെമിഫൈനലിൽ കടന്നു. സെമിയിൽ ആതിഥേയരായ മലേഷ്യയെ 3-2ന് തോൽപ്പിച്ച് ഫൈനലിലെത്തി. ശേഷമാണ് പാകിസ്താനെ തോൽപ്പിച്ചത്.
ആകെ പതിനഞ്ചുലോകകപ്പുകളാണ് ചരിത്രത്തിൽ നടന്നത്. ഈ ലോകകപ്പ് വിജയത്തിന് ശേഷം സെമിയിലേക്ക് പോലും കടക്കാൻ ഇന്ത്യയ്ക്കായിട്ടില്ല.
Content Highlights: Half a century since India's Hockey World Cup win