
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി ചരിത്രം കുറിച്ച് കിർസ്റ്റി കോവെൻട്രി. ആഫ്രിക്കയിൽ
നിന്നുള്ള ആദ്യ പ്രസിഡന്റ് കൂടിയാണ്. 12 വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന തോമസ് ബാച്ചിന്റെ പിൻഗാമിയായാണ് സ്ഥാനമേറ്റത്.
സിംബാബ്വെ കായിക മന്ത്രിയായ 41കാരി ഒളിമ്പിക്സ് നീന്തലിൽ രണ്ട് തവണ സ്വർണം നേടിയിട്ടുണ്ട്. ഐ ഒ സിയുടെ 144ാം യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ പ്രസിഡന്റ്, ജർമനിയുടെ തോമസ് ബാഷ് ജൂൺ 23ന് സ്ഥാനമൊഴിയും. പുതിയ പ്രസിഡന്റ് അന്നു സ്ഥാനമേൽക്കും.
കോവെൻട്രി അടക്കം ഏഴുപേരാണ് തോമസ് ബാഷിന് പിൻഗാമിയാകാൻ മത്സരിച്ചത്. 109 ഐ ഒ. സി അംഗങ്ങൾക്കായിരുന്നു വോട്ടവകാശം.
ജോർദാനിലെ ഫൈസൽ അൽ ഹുസൈൻ രാജകുമാരൻ, ബ്രിട്ടനിൽ നിന്നും സെബാസ്റ്റ്യൻ കോ, സ്വീഡനിൽ നിന്നും ജോൺ ഇലിയാഷ്, ഫ്രാൻസിൽ നിന്നും ഡേവിഡ് ലപ്പാർടിയന്റ്, സ്പെയിനിൽ നിന്നും സമറാഞ്ച് ജുനിയർ, ജപ്പാനിൽ നിന്നും മോരിനാരി വതാനബെ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
Content Highlights:Kirsty Coventry elected first female president of IOC