
പാകിസ്താന്‍ ജാവലിന്‍ താരവും ഒളിംപിക് ചാംപ്യനുമായ അര്‍ഷാദ് നദീമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ മറുപടിയുമായി ഒളിംപിക് ജേതാവ് നീരജ് ചോപ്ര.
മേയ് 24-ന് ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ മത്സരത്തില്‍ പങ്കെടുക്കാനാണ് നീരജ് പാകിസ്താന്റെ ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഷാദ് നദീമിനെ ക്ഷണിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ മേല്‍പ്പറഞ്ഞ ക്ഷണത്തിന്റെ പേരില്‍ നീരജിനും കടുംബത്തിനുമെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ചോപ്ര പ്രതികരിച്ചത്.
— Neeraj Chopra (@Neeraj_chopra1) April 25, 2025
പഹല്‍ഗാം ആക്രമണത്തിനു മുമ്പുതന്നെ താന്‍ താരങ്ങള്‍ക്ക് ക്ഷണക്കത്ത് അയച്ചിരുന്നുവെന്ന് വ്യക്തമാക്കിയ നീരജ് ഒരു കാരണവുമില്ലാതെ തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യംവെക്കുന്ന ആളുകളുടെ മുന്നില്‍ വിശദീകരണം നല്‍കേണ്ടിവരുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
തെറ്റാണെന്ന് കരുതുന്ന കാര്യങ്ങള്‍ക്കെതിരെ സംസാരിക്കാൻ ഭയമില്ലെന്നും ഭീകരാക്രണം നടത്തിയവർക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചോപ്ര പറഞ്ഞു. പ്രത്യേകിച്ചും രാജ്യത്തോടുള്ള തന്റെ സ്‌നേഹത്തെയും തന്റെ കുടുംബത്തിന്റെ അഭിമാനത്തെയും അന്തസ്സിനെയും ചോദ്യംചെയ്യരുതെന്നും ചോപ്ര കൂട്ടിച്ചേർത്തു.
അതേസമയം, ക്ലാസിക് ജാവലിന്‍ മത്സരത്തിനുള്ള നീരജ് ചോപ്രയുടെ ക്ഷണം പാക് താരം അര്‍ഷാദ് നദീം നിരസിച്ചിരുന്നു. നീരജിന്റെ ക്ഷണം നിരസിച്ചതായി ബുധനാഴ്ചയാണ് നദീം അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷണം നിരസിച്ചതെന്ന സൂചനയുണ്ടെങ്കിലും ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരിശീലനം ഉള്ളതാണ് നദീം കാരണമായി പറഞ്ഞത്. ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയത്. ഇതോടെ പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധവും ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.
Content Highlights: Neeraj Chopra breaks silence on inviting Pakistan's Arshad Nadeem