ക്രിക്കറ്റിൽ പലതും തെളിയിച്ചവരാണ്, ചരിത്രത്തിലെ ഇതിഹാസ താരങ്ങളോടപ്പം ഭാവിയിൽ ചേർത്ത് വെക്കേണ്ടവരാണ്, പറഞ്ഞിട്ടെന്ത് കാര്യം, നടപ്പുവർഷത്തിൽ ഒറ്റ ടെസ്റ്റ് സെഞ്ച്വറി പോലുമില്ലാതെ ഉഴറുകയാണ് സജീവ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ. ചരിത്രത്തിലെ തന്നെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് എടുത്ത് വെച്ചവരും ഇതിലുണ്ട്. ഇവരെല്ലാം ടെസ്റ്റില്‍ ഗംഭീര റെക്കോർഡുള്ള താരങ്ങളാണ് എന്നതാണ് ഒരു വിരോധാഭാസം.
ക്രിക്കറ്റിന്റെ മറ്റ് രണ്ട് ഫോർമാറ്റുകളെക്കാൾ പലതുകൊണ്ടും ബാറ്ററെ അളക്കാൻ ഉപയോഗിക്കുന്നത് ടെസ്റ്റ് ഫോർമാറ്റാണ്. കാരണം, ടെസ്റ്റ് ക്രിക്കറ്റില്‍ മികവ് കാട്ടുകയെന്നത് പൊതുവേ പ്രയാസമാണ്. പ്രധാനമായും ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന ഫോര്‍മാറ്റാണ് ടെസ്റ്റ്. അതുകൊണ്ടുതന്നെ സാങ്കേതിക മികവും ക്ഷമയും പ്രതിഭയും ഒത്തിണങ്ങിയവര്‍ക്ക് മാത്രമാവും ടെസ്റ്റില്‍ മികച്ച പ്രകടനത്തിലേക്കെത്താന്‍ സാധിക്കുക. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരുടെ പട്ടികയെടുത്താല്‍ വിരാട് കോഹ്‌ലി, ബാബര്‍ അസം, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ് എന്നിവരെയെല്ലാം മുന്‍നിരയില്‍ കാണാനാവും.
എന്നാല്‍ 2024 കടന്ന് പോകാന്‍ ഒരുങ്ങവെ പല സൂപ്പർ താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഈ വര്‍ഷം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താതെ നിരാശപ്പെടുത്തിയവര്‍ നിരവധിയാണ്. ഇതിഹാസ താരങ്ങളെന്ന് പറയാവുന്നവരില്‍ ഒരു ടെസ്റ്റ് സെഞ്ച്വറി പോലും ഈ വര്‍ഷം നേടാത്തവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
വിരാട് കോഹ്‌ലി
ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനും ഇതിഹാസ ബാറ്ററുമാണ് കോഹ്‌ലി. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോഹ്‌ലിക്ക് ടെസ്റ്റിൽ പഴയ മികവ് കാട്ടാനാവുന്നില്ല. ടി20 യിലും ഏകദിനത്തിലും സ്ഥിതി വ്യത്യസ്തമല്ല . ഈ വര്ഷം 16 ഇന്നിങ്‌സില്‍ നിന്ന് താരത്തിന്റെ ശരാശരി 18.87ആണ്. ഈ വര്‍ഷം ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് കോഹ്‌ലി നേടിയത്. ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന് ടെസ്റ്റിൽ നേടാനായില്ല.
ബാബര്‍ അസം
പാകിസ്താന്‍ മുന്‍ നായകനും സൂപ്പര്‍ താരവുമാണ് ബാബര്‍ അസം. എന്നാല്‍ സമീപകാലത്തായി മോശം പ്രകടനം നടത്തി വലിയ വിമര്‍ശനം കേള്‍ക്കുന്ന താരം കൂടിയാണ് ബാബര്‍ അസം. ഈ വര്‍ഷത്തെ ടെസ്റ്റിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 18.5 മാത്രമാണ് ബാബറിന്റെ ശരാശരി. 31 റണ്‍സാണ് ബാബറിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഒരു അര്‍ധ സെഞ്ച്വറിപോലും നേടാന്‍ ബാബറിന് സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.
മാര്‍നസ് ലബ്യുഷെയ്ന്‍
ചെറിയ കാലയളവിനുള്ളിൽ വലിയ താരമായി വളർന്നുവന്ന ഓസ്‌ട്രേലിയയുടെ താരമാണ് മാർനസ് ലബ്യുഷെയ്ന്‍. മറ്റ് ഫോർമാറ്റുകളിൽ നിന്ന് വ്യത്യസ്തമായി ടെസ്റ്റിലെ അദ്ദേഹത്തിന്റെ ബാറ്റിങാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം ഒരു സെഞ്ച്വറി പ്രകടനംപോലും നടത്താന്‍ ലബ്യുഷെയ്‌ന് സാധിച്ചിട്ടില്ല. ചുരുങ്ങിയ കാലയളവിനുള്ളിൽ 50 ടെസ്റ്റ് മത്സരം മാത്രം കളിച്ച് 11 സെഞ്ച്വറികളും 20 അർധ സെഞ്ച്വറികളും നേടിയ ഇടത്തുനിന്നാണ് താരത്തെ ഫോം ഔട്ട് ബാധിച്ചത്.
സ്റ്റീവ് സ്മിത്ത്
ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരമാണ് സ്റ്റീവ് സ്മിത്ത്. 109 മത്സരങ്ങളിൽ നിന്നും 32 സെഞ്ച്വറികളും 41 അർധ സെഞ്ച്വറികളും നേടിയ താരത്തിന് ഈ വർഷം ഒരു സെഞ്ച്വറി പോലും നേടാനായില്ല. ആകെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു അർധ സെഞ്ച്വറി മാത്രമാണ്
ഈ വര്‍ഷം നേടാനായത്.
ബെന്‍ സ്‌റ്റോക്‌സ്
ഇത്തവണ ഒരു സെഞ്ച്വറി പോലും നേടാൻ കഴിയാത്ത മറ്റൊരു പ്രധാനപ്പെട്ട താരമാണ് ബെന്‍ സ്‌റ്റോക്‌സ്. കഴിഞ്ഞ വർഷം മാത്രം 13 ടെസ്റ്റ് സെഞ്ച്വറികൾ നേടിയ ബെന്‍ സ്റ്റോക്സാണ് ഇത്തവണ നിറംമങ്ങിയിരിക്കുന്നത്. നിലവിൽ ഇംഗ്ലണ്ടിന്റെ നായകൻ കൂടിയായ താരം 107 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13 സെഞ്ച്വറികളും 34 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
ഇവരില്‍ പലര്‍ക്കും ടെസ്റ്റ് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഈ വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രമേ അവശേഷിക്കുന്നുള്ളു എന്നത് ഒരു വെല്ലുവിളി തന്നെയാണ്.
Content Highlights: Super cricketers with zero test century in 2024