ജയ്‌സ്വാൾ മുതൽ മക്‌സ്വീനി വരെ; ബോർഡർ ഗവാസ്‌ക്കർ ട്രോഫി തൂക്കിയേക്കാവുന്ന അഞ്ച് യുവ താരങ്ങൾ

പരമ്പരയിൽ നിർണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് യുവ താരങ്ങളെ കുറിച്ച് ഒരു വിശകലനം

dot image

ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌ക്കർ ട്രോഫിക്ക് നാളെ തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ പെർത്തിൽ തുടങ്ങുമ്പോൾ പലവിധം കണക്കുകൂട്ടലുകളിലാണ് ഇരു ടീമുകളും. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത അനിശ്ചിതത്വത്തിലായ ഇന്ത്യയ്ക്കും കഴിഞ്ഞ രണ്ട് തവണയും പരമ്പര ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഓസ്‌ട്രേലിയയ്ക്കും ഇത്തവണത്തെ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഒരു പോലെ നിർണായകമാണ്.

പരിചയസമ്പന്നരായ താരങ്ങളും പ്രതിഭ നിറഞ്ഞ യുവതാരങ്ങളുമാണ് ഇരു ടീമിലും അണിനിരക്കുന്നത്. ചിലർ കരിയറിന്റെ സഹാഹ്ന ഘട്ടത്തിൽ തങ്ങളുടെ ഫോം കൈമോശം വന്നില്ലെന്ന് തെളിയിക്കാൻ കച്ചക്കെട്ടി ഇറങ്ങുമ്പോൾ ചിലർ ക്രിക്കറ്റിന്റെ ഭാവി ചർച്ചകളിലേക്ക് തങ്ങളുടെ പേര് എഴുതി ചേർക്കാൻ വേണ്ടിയും ഇറങ്ങുന്നു. പരമ്പരയിൽ നിർണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് യുവ താരങ്ങളെ കുറിച്ച് ഒരു വിശകലനം.

യശസ്വി ജയ്‌സ്വാൾ (ഇന്ത്യ)

22 കാരനായ ഈ ഇന്ത്യൻ ഓപ്പണർ കഴിഞ്ഞ വർഷം മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. ഇതിനകം തന്നെ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 14 മത്സരങ്ങളിൽ നിന്ന് 56.28 ശരാശരിയിൽ 1,407 റൺസ് നേടി. 70.13 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. 2024 ൽ ഇതിനകം 1,119 റൺസ് നേടിയ ജയ്‌സ്വാൾ തന്നെയാവും ഈ പരമ്പരയിൽ ഇന്ത്യയുടെ ബാറ്റിങ് ഓപ്പൺ ചെയ്യുക.

സർഫറാസ് ഖാൻ (ഇന്ത്യ)

ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന റൺ വേട്ടക്കാരനാണ് സർഫറാസ് ഖാൻ. ദേശീയ ജഴ്‌സിയിൽ സ്ഥിരതയില്ലായ്മയുടെ പ്രശ്‌നം താരം നേരിടുന്നുണ്ട്. എന്നിരുന്നാലും ന്യൂസിലാൻഡിനെതിരെ നേടിയ കന്നി സെഞ്ച്വറി (150) അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ ഉയർത്തി കാണിക്കുന്നു. ആറ് ടെസ്റ്റുകളിൽ നിന്ന് 371 റൺസാണ് സർഫറാസിന്റെ ഇത് വരെയുള്ള സമ്പാദ്യം. മധ്യനിരയിൽ തന്റെ സ്ഥാനം അരക്കെട്ടുറപ്പിക്കാൻ ഓസീസിൽ ഒരു മികച്ച പ്രകടനം സർഫറാസിന് കൂടിയേ തീരൂ.

നിതീഷ് റെഡ്ഡി (ഇന്ത്യ)

ബോർഡർ ഗവാസ്‌ക്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ അപ്രതീക്ഷിത ഇടം കിട്ടിയ താരമാണ് നിതീഷ് റെഡ്ഡി. ഇത് വരെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാത്ത താരത്തിന് ഓസീസിൽ അവസരമൊരുങ്ങുകയാണെങ്കിൽ അത് വലിയ സാധ്യതയാകും. ഹാർദിക്കിനെയും ശാർദൂലിനെയും മാറ്റി നിർത്തി നിതീഷിന് അവസരം നൽകിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നത് കൊണ്ട് തന്നെ യോഗ്യത തെളിയിക്കൽ താരത്തെ സംബന്ധിച്ച് നിർണായകമാണ്. നിതീഷ് റെഡ്ഡി ഇതുവരെ ഇന്ത്യയ്‌ക്കായി 3 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ പക്ഷെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് 90 റൺസും മൂന്ന് വിക്കറ്റും. 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 56 വിക്കറ്റുകളും 779 റൺസും ഈ 21 കാരൻ നേടിയിട്ടുണ്ട്.

ധ്രുവ് ജുറെൽ (ഇന്ത്യ)

മൂന്ന് മത്സരങ്ങളിൽ നിന്ന് 63.33 ശരാശരിയിൽ 190 റൺസുമായി ജുറെൽ ഇതിനകം തന്നെ ടെസ്റ്റിൽ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിൽ നടന്ന എ ടീമുകളുടെ പോരാട്ടത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ബാറ്റർ ജുറെൽ ആയിരുന്നു. പ്രധാന കളിക്കാർക്ക് പരിക്ക് പറ്റിയ സാഹചര്യത്തിൽ, ജുറെൽ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി അവതരിക്കാം.

നഥാൻ മക്‌സ്വീനി (ഓസ്‌ട്രേലിയ)

ഡേവിഡ് വാർണർക്ക് പകരം ഉസ്മാൻ ഖവാജയ്ക്കൊപ്പം ബാറ്റ് ഓപ്പൺ ചെയ്യുക ഈ 25 കാരനായിരിക്കും. വാർണർ വിരമിച്ചതിന് ശേഷം സ്റ്റീവ് സ്മിത്ത് ആ റോളിലേക്ക് വന്നിരുന്നങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് മിഡിൽ ഓർഡറിലേക്ക് മാറി. സ്വന്തം മണ്ണിൽ നടക്കുന്ന പരമ്പരയിൽ തിളങ്ങി ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ഓപ്പണിങ് ബാറ്റിങ് അമരത്ത് സ്ഥിരം സാന്നിധ്യമാവുകയാവും നഥാൻ മക്‌സ്വീനിയുടെ ലക്ഷ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 34 മത്സരങ്ങളിൽ നിന്ന് 38.16 ശരാശരിയിൽ 2,252 റൺസ് നേടിയിട്ടുണ്ട്.

Content Highlights: Five young players who could rule the cricket world with the Border Gavaskar Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us