ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം താരങ്ങൾക്കും വികാരഭരിതമാണ്. ചിലർക്ക് ഏറെക്കാലമായി കളിച്ചിരുന്ന സ്വന്തം ടീമിന്റെ ജഴ്സി ഉപേക്ഷിച്ച് പുറത്തുപോകേണ്ടി വരും. പ്രഥമ ഐപിഎൽ മുതൽ 10 സീസണുകൾ മുംബൈ ഇന്ത്യൻസിനായി കളിച്ച താരമാണ് ഹർഭജൻ സിങ്. ക്യാപ്റ്റനായും ഓഫ് സ്പിന്നറായും മുംബൈ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരം. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർ മുംബൈയുടേത് കൂടിയായിരുന്നു. പക്ഷേ ഒരു ദിവസം മുംബൈ വിട്ടയാൾ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞകുപ്പായം അണിഞ്ഞു. ധോണിക്കൊപ്പം ഐപിഎൽ ചാംപ്യന്മാരായി. ഒടുവിൽ 2021ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണ് ആ ഇതിഹാസം അവസാനമായി പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചത്.
ഇത്തവണത്തെ മെഗാലലേത്തിലും താരങ്ങളുടെയും ആരാധകരുടെ വികാരഭരിത നിമിഷങ്ങൾ ഉണ്ടായി. പ്രിയ ജോസേട്ടൻ ഇനി രാജസ്ഥാൻ റോയൽസിനൊപ്പമില്ല. മെഗാലേലത്തിന് മുമ്പ് തന്നെ ഇത് അവസാനമെന്ന് ജോസ് ബട്ലറിന് തോന്നലുകൾ ഉണ്ടായിരുന്നു. ഏഴ് വർഷം നീണ്ട യാത്രയിൽ പലതവണ റോയൽസിനെ അയാൾ ഒറ്റയ്ക്ക് ചുമലിലേറ്റി. കഴിഞ്ഞ വർഷത്തെ ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്തയ്ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ ബട്ലർ ഒറ്റയ്ക്ക് പോരാടിയത് രാജസ്ഥാൻ ആരാധകർ മറക്കാൻ സമയമായിട്ടില്ല. പക്ഷേ മെഗാലലേത്തിന് മുമ്പേ എല്ലാത്തിനും നന്ദി പറഞ്ഞ് ബട്ലർ രാജസ്ഥാൻ റോയസിന്റെ പടിയിറങ്ങി. ഗുജറാത്ത് ടൈറ്റൻസിൽ ശുഭ്മൻ ഗില്ലിനൊപ്പം ഇനി ബട്ലറും ഉണ്ടാവും.
കിങ് കോഹ്‍ലി നായകനായി തിരിച്ചെത്തുമ്പോൾ ന്യൂബോൾ എടുക്കാൻ മുഹമ്മദ് സിറാജ് ബെംഗളൂരുവിലില്ല. കോഹ്‍ലി വളർത്തിയെടുത്ത ഹൈദരാബാദിലെ ഓട്ടോ ഡ്രൈവറുടെ മകൻ. ഇന്നയാൾ തെലങ്കാന ഡിഎസ്പിയാണ്, ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംമ്രയുടെ സഹപേസറാണ്. ഗുജറാത്ത് നിരയിൽ മുഹമ്മദ് ഷമിയുടെ പകരക്കാരനാകാൻ സിറാജ് വിട് വിട്ടിറങ്ങി.
ഹൈദരാബാദിൽ സൺറൈസേഴ്സിനെതിരെ ഭുവനേശ്വർ കുമാർ പന്തെറിയാനെത്തുന്നത് ആരാധകർ വേദനയോടെ നോക്കി നിൽക്കും. എന്നും സൺറൈസേഴ്സിനായി ആദ്യ ഓവർ എറിയാനെത്തിയ ഭുവനേശ്വർ. ഉപ്പലിൽ നിറയുന്ന ഓറഞ്ച് ആർമി ഭുവനേശ്വറിനായി ഇനി ആരവം മുഴക്കില്ല. രാജാവിന്റെ പടനായകനായി അയാൾ ബെംഗളൂരു നിരയിലുണ്ടാവും.
ഹാർദിക് പാണ്ഡ്യയുടെ സൗഹൃദം ബാക്കിയാക്കി ഇഷാൻ കിഷാൻ മുംബൈ ഇന്ത്യൻസ് വിട്ടിറങ്ങി. സൺറൈസേഴ്സ് മധ്യനിരയിൽ ഇഷാന്റെ റോൾ വലുതാണ്. വാഹനാപകടത്തിന്റെ വേദനയിൽ നിന്നും മടങ്ങിയെത്തിയ റിഷഭ് പന്തിനെ ഡൽഹി നായകനായി സ്വീകരിച്ചു. ഇതാദ്യമായി ഡൽഹി വിട്ട് റിഷഭ് പുറത്തുപോകുകയാണ്. 2009ൽ ഡൽഹിയിൽ കളിച്ചുതുടങ്ങിയ ഡേവിഡ് വാർണർ ഇല്ലാതെ ആദ്യ ഐപിഎല്ലിനും കളമൊരുങ്ങുകയാണ്. കെയ്ൻ വില്യംസണും പീയുഷ് ചൗളയും ഉമേഷ് യാദവും ഇത്തവണ ഐപിഎൽ കളിക്കില്ല. എന്നാൽ ചില മടങ്ങിവരവുകളും ഐപിഎൽ ലേലത്തിൽ സംഭവിച്ചു. ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് കരുതിയ മടങ്ങിവരവുകൾ.
എട്ട് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം രവിചന്ദ്രൻ അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിൽ മടങ്ങിയെത്തി. മഹേന്ദ്ര സിങ് ധോണിയുടെ ഇഷ്ടതാരം ഇനി അയാൾക്കൊപ്പം ഉണ്ടാകും. 2014ൽ പഞ്ചാബ് കിങ്സ് ഐപിഎൽ ഫൈനലിസ്റ്റുകളായപ്പോൾ താരമായത് ഗ്ലെൻ മാക്സ്‍വെൽ ആയിരുന്നു. ഇന്ത്യയിലും യുഎഇയിലുമായി നടന്ന ഐപിഎല്ലിൽ മാക്സ്‍വെല്ലിന്റെ റിവേഴ്സ് സ്വീപ്പുകൾ കണ്ട് ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടു. അയാൾ പഞ്ചാബ് വിട്ടു ഡൽഹിയിലെത്തി. വീണ്ടും പഞ്ചാബിലെത്തി. അവിടെനിന്നും ബെംഗളൂരുവിലേക്ക്. മോശം ഫോം പല സീസണുകളിൽ തിരിച്ചടിയായി. 2023ലെ ഏകദിന ലോകകപ്പിൽ വഴിത്തിരിവായ മത്സരത്തിൽ അഫ്ഗാനെ തകർത്തെറിഞ്ഞത് മാക്സ്‍വെല്ലിലെ പവർഹിറ്റർ ബാക്കിയുണ്ടെന്ന് ഓർമിപ്പിച്ചു. വീണ്ടും ഒരിക്കൽ കൂടി പഞ്ചാബിന്റെ പടികയറുകയാണ് മാക്സ്‍വെൽ.
ടീം ഏതായാലും ബുള്ളറ്റുകൾ എറിയുന്നതാണ് ട്രെന്റ് ബോൾട്ടിന്റെ രീതി. രാജസ്ഥാൻ വിട്ട ബോൾട്ട് തന്റെ പഴയ തട്ടകമായ മുംബൈയിലേക്കെത്തി. ജസ്പ്രീത് ബുംമ്രയും ദീപക് ചഹറും ട്രെന്റ് ബോൾട്ടും ഉൾപ്പെടുന്ന ലോകോത്തര നിരയായി മുംബൈ മാറിക്കഴിഞ്ഞു. ദേവ്ദത്ത് പടിക്കൽ കളിതുടങ്ങിയ റോയൽ ചലഞ്ചേഴ്സിലേക്ക് മടങ്ങിയെത്തി. ചിന്നസ്വാമിയിൽ അരങ്ങേറ്റം കുറിച്ച് മത്സരത്തിൽ സൺറൈസേഴ്സിനെ തകർത്ത പടിക്കലിനെ ആർസിബി മാനേജ്മെന്റിന് ഓർമയുണ്ട്. വീണ്ടുമൊരിക്കൽ കൂടെ ജോഫ്ര ആർച്ചർ രാജസ്ഥാൻ റോയൽസിലേക്കും എത്തുകയാണ്.
ആശിഷ് നെഹ്റ പറഞ്ഞതുപോലെ ഐപിഎൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന് സമാനമാകുകയാണ്. താരങ്ങളുടെ മാറ്റം ഇനിയും സംഭവിക്കും. മാറ്റങ്ങളിലൂടെ ഐപിഎൽ മുന്നോട്ട് നീങ്ങുകയാണ്. കൂടുതൽ ശക്തമായ പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം.
Content Highlights: An emotional homecomings and frustrated moments in IPL auction 2025